തിരുവമ്പാടി : പ്രളയമുണ്ടായാലും തിരുവമ്പാടി-മുക്കം റോഡിൽ ഗതാഗതം തടസ്സപ്പെടാതിരിക്കാൻ തൊണ്ടിമ്മൽ ജങ്ഷനിൽ റോഡ് ഉയർത്തുന്ന പ്രവൃത്തി അവസാനഘട്ടത്തിൽ.

ജില്ലാ പഞ്ചായത്ത് പദ്ധതിയിൽ 20 ലക്ഷം രൂപ ചെലവഴിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. തൊണ്ടിമ്മൽ ജങ്ഷനിലേക്ക് ചേരുന്ന ഗേറ്റുംപടി റോഡിലാണ് പ്രവൃത്തി നടക്കുന്നത്. ഇത് ജില്ലാ പഞ്ചായത്ത് റോഡാണ്. ഇവിടെ താഴ്ന്നപ്രദേശത്ത് റോഡ് രണ്ടുമീറ്റർ ഉയർത്തും. ഉയർന്നവശത്ത് സംരക്ഷണഭിത്തിയും ഓവുചാലുമുണ്ടാകും. റീടാറിങ്ങിനും ഫണ്ടുള്ളതായി ജില്ലാ പഞ്ചായത്തംഗം സി.കെ. കാസിം പറഞ്ഞു. കഴിഞ്ഞ രണ്ടു പ്രളയത്തിലും ഇവിടെ ഗതാഗതം മുടങ്ങിയിരുന്നു. അഗസ്ത്യൻമുഴി-കൈതപ്പൊയിൽ റോഡ് നവീകരണത്തിനൊപ്പം തൊണ്ടിമ്മൽ-ഗേറ്റുംപടി റോഡും ഉയർത്തുന്നത് വെള്ളക്കെട്ട് ഒരു പരിധിവരെ ഒഴിവാക്കുമെന്നാണ് പ്രതീക്ഷ. വെള്ളപ്പൊക്കമുണ്ടായാലും തിരുവമ്പാടി, കൂടരഞ്ഞി, കാരമൂല, ഗേറ്റുംപടി തുടങ്ങിയ പ്രദേശങ്ങളിലുള്ളവർക്ക് മുക്കം ഭാഗത്തേക്കെത്താനാവും.