തിരുവമ്പാടി : കസ്തൂരിരംഗൻ റിപ്പോർട്ട് നടപ്പാക്കുന്നതിന്റെ ഭാഗമായി ഇറക്കുന്ന അന്തിമവിജ്ഞാപനത്തിൽ ആശങ്കയറിയിച്ച് പശ്ചിമഘട്ട ജനസംരക്ഷണസമിതി.

മലയോരമേഖലയിൽ 2013-ൽ റിപ്പോർട്ടിനെതിരേ സമരം നയിച്ചത് സമിതിയായിരുന്നു. കേരളത്തിലെ 92 വില്ലേജുകൾ ഉൾപ്പെടുത്തി അന്തിമ വിജ്ഞാപനം ഇറങ്ങുമെന്നാണ് സൂചന.

ജനസാന്ദ്രത കൂടിയതും വനഭൂമി കുറഞ്ഞതും ഇ.എസ്.എ. പരിധിയിൽനിന്ന് ഒഴിവാക്കപ്പെടേണ്ടതുമായ നിരവധി വില്ലേജുകൾ പട്ടികയിൽനിന്ന് ഒഴിവാക്കപ്പെട്ടിട്ടില്ലെന്നത് ആശങ്കയുയർത്തുവെന്നതാണ് സമിതി ചൂണ്ടിക്കാട്ടുന്നത്. അന്തിമ വിജ്ഞാപനം ഇറക്കുന്നതിനുമുമ്പ് ഈ ആശങ്കകൾ പരിഹരിക്കണം.

സംസ്ഥാനസർക്കാർ നൽകിയ നിർദേശങ്ങളിലെ അവ്യക്തത ആശങ്കയുണ്ടാക്കുന്നതാണെന്നും സമിതി ആരോപിക്കുന്നു. കേരളത്തിൽ ആദ്യ പട്ടികയിലുണ്ടായിരുന്ന 123 വില്ലേജുകളിൽ 92 വില്ലേജുകൾമാത്രം ഉൾപ്പെടുത്തി അന്തിമ വിജ്ഞാപനം ഇറക്കുന്നതിന് തടസ്സമില്ല എന്ന നിലപാടാണ് സംസ്ഥാനസർക്കാർ സ്വീകരിച്ചതെന്ന് സമിതി നേതാക്കൾ പറഞ്ഞു.

ഇതിന് പുറമെ 20 പരിസ്ഥിതി സംഘടനകൾ ഗാഡ്ഗിൽ കമ്മറ്റി റിപ്പോർട്ട് അതേപടി കേരളത്തിലെ 526 പഞ്ചായത്തുകളിലും നടപ്പാക്കണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയിൽ കേസ് നടത്തുന്നുമുണ്ട്.

പശ്ചിമഘട്ട ജനസംരക്ഷണസമിതി ഉൾപ്പെടെ വിവിധ സംഘടനകളുടെ നിരന്തരമായ പ്രക്ഷോഭത്തെത്തുടർന്ന് പട്ടികയിലുണ്ടായിരുന്ന 123 വില്ലേജുകളിലെ കൃഷിയിടങ്ങളും തോട്ടങ്ങളും ജനവാസകേന്ദ്രങ്ങളും മുൻസർക്കാർ ഒഴിവാക്കിയിരുന്നു.

റിസർവ് വനവും ലോക പൈതൃകപ്രദേശങ്ങളും സംരക്ഷിതമേഖലകളും മാത്രം ഉൾപ്പെടുത്തി അന്തിമ വിജ്ഞാപനമിറക്കണമെന്നാണ് മുൻ സർക്കാർ കേന്ദ്ര വനംപരിസ്ഥിതിമന്ത്രാലയത്തിന് റിപ്പോർട്ട് നൽകിയത്.