തിരുവമ്പാടി : അടിസ്ഥാന സൗകര്യങ്ങളില്ലാത്തതുകൊണ്ട് മലയോരത്തെ ബ്രാഞ്ച് പോസ്റ്റോഫീസുകളുടെ പ്രവർത്തനം പ്രതിസന്ധിയിൽ. തിരുവമ്പാടി തമ്പലമണ്ണയിലെയും കോടഞ്ചേരി ശാന്തിനഗറിലെയും പോസ്റ്റോഫീസുകളാണ് വൈദ്യുതിയും ഇന്റർനെറ്റ് സൗകര്യവുമില്ലാതെ ഇടുങ്ങിയ മുറികളിൽ പ്രവർത്തിക്കുന്നത്. ആധുനികവത്കരണത്തിന്റെ ഭാഗമായുള്ള സേവനങ്ങളൊന്നും നൽകാൻ കഴിയാതെ നട്ടം തിരിയുകയാണ് ഇവിടത്തെ ജീവനക്കാർ.

എല്ലാ സേവനങ്ങളും ഓൺലൈൻ വഴിയാക്കിയപ്പോൾ സിം കാർഡുപയോഗിച്ച് പ്രവർത്തിപ്പിക്കുന്ന ഇലക്‌ട്രോണിക് ഡിവൈസാണ് ബ്രാഞ്ച് പോസ്റ്റോഫീസുകൾക്ക് നൽകിയത്. എന്നാൽ ഇന്റർനെറ്റ് സൗകര്യമില്ലാത്ത സ്ഥലങ്ങളിലാണ് പോസ്റ്റോഫീസുകൾ പ്രവർത്തിക്കുന്നത്. വൈദ്യുതിയില്ലാത്തതിനാൽ ഇതിന്റെ ബാറ്ററി ജീവനക്കാർ വീട്ടിൽക്കൊണ്ടുപോയി ചാർജ് ചെയ്യുകയാണ്. തമ്പലമണ്ണ പോസ്റ്റോഫീസ് പ്രവർത്തിക്കുന്ന ഇരുമ്പകം അങ്ങാടിയിൽ വല്ലപ്പോഴും മാത്രമാണ് നെറ്റ്‌വർക്ക് കവറേജ് ലഭിക്കുക. ദേശീയ സമ്പാദ്യപദ്ധതിയിൽ പണം നിക്ഷേപിക്കാനും പിൻവലിക്കാനും മണി ഓർഡറോ രജിസ്‌ട്രേഡ് തപാലോ അയക്കാനുമൊക്കെ ഇന്റർനെറ്റ് നിർബന്ധമാണ്.

പലപ്പോഴും ആളുകൾ ഏറെനേരം കാത്തിരിക്കേണ്ട അവസ്ഥയുണ്ടെന്ന് ജീവനക്കാർ പറയുന്നു. തിരുവമ്പാടി സബ് പോസ്റ്റോഫീസിന് കീഴിലാണ് ഇരുമ്പകം ബ്രാഞ്ച് പോസ്റ്റോഫീസ്. കഴിഞ്ഞ രണ്ട് പ്രളയത്തിലും ഇവിടം വെള്ളംകയറിയിരുന്നു.

ഓമശ്ശേരി സബ് ഓഫീസിന് കീഴിലാണ് ശാന്തിനഗർ ബ്രാഞ്ച് പോസ്റ്റോഫീസ്. ഇന്റർനെറ്റില്ലാത്തതിനാൽ പഴയരീതിയിലാണ് പല സേവനങ്ങളും നൽകുന്നത്. കോടഞ്ചേരി, ഓമശ്ശേരി പഞ്ചായത്തുകളിലെയും മുക്കം നഗരസഭയിലെയും വിവിധ പ്രദേശങ്ങളാണ് ശാന്തിനഗർ പോസ്റ്റോഫീസ് പരിധിയിലുള്ളത്. ശാന്തിനഗർ ജംങ്ഷന് സമീപത്തൊന്നും ഇന്റർനെറ്റ് സൗകര്യം ലഭിക്കുന്നില്ല.

ബ്രാഞ്ച് പോസ്റ്റോഫീസ് കെട്ടിടങ്ങൾ മാറ്റാൻ നിരവധി കടമ്പകളുണ്ട്. നാട്ടുകാരുടെ എതിർപ്പുണ്ടാകാൻ പാടില്ലെന്നതാണ് പ്രധാനവ്യവസ്ഥ. പോസ്റ്റ്മാസ്റ്റർമാരുടെ ശമ്പളത്തിൽനിന്ന് വേണം കെട്ടിടങ്ങളുടെ വാടക നൽകാൻ.

100 രൂപമാത്രമാണ് മാസം തപാൽവകുപ്പ് അനുവദിക്കുന്നത്. ഇപ്പോൾ പുതിയ കെട്ടിടങ്ങളിലേക്ക് മാറിയാൽ പരമാവധി 500 രൂപവരെ ലഭിക്കും. ഈ തുകയ്ക്ക് വൈദ്യുതിയുള്ള നല്ലവാടകമുറികൾ ലഭിക്കില്ല. ഒരു പോസ്റ്റ്മാസ്റ്ററും പോസ്റ്റ്മാനുമാണ് ബ്രാഞ്ച് ഓഫീസുകളിലുള്ളത്. തപാൽവകുപ്പിന്റെ ഇ.ഡി. വിഭാഗം ജീവനക്കാരാണിവർ. 35 വർഷം വരെ യാതൊരു സ്ഥാനക്കയറ്റവുമില്ലാതെ ജോലിനോക്കുന്നവർ വരെ ഇക്കൂട്ടത്തിലുണ്ട്.