തിരുവമ്പാടി : വീടിനടുത്തുള്ള പുഴയിൽ ആദിവാസിയുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. ആനക്കാംപൊയിൽ മുത്തപ്പൻപുഴ കിളിക്കല്ല് കോളനിയിലെ പുലിക്കുന്നത്ത് കുഞ്ഞന്റെയും മാധവിയുടെയും മകൾ നിഷ (31) ആണ് മരിച്ചത്. കാൽവഴുതി പുഴയിൽ വീണതാണെന്നാണ് പ്രാഥമിക നിഗമനം. യുവതിക്ക് അപസ്മാരവും മാനസികാരോഗ്യപ്രശ്നങ്ങളും ഉണ്ടായിരുന്നതായി ബന്ധുക്കൾ പറഞ്ഞു.

കോളനിക്ക് സമീപമുള്ള പുഴയിൽ ചൊവ്വാഴ്ച രാവിലെ പതിനൊന്ന് മണിയോടെ അമ്മയോടൊപ്പം തുണിയലക്കാൻ എത്തിയതായിരുന്നു. ഇടയ്ക്ക് അമ്മ വീട്ടിലേക്ക് പോയി. അരമണിക്കൂർ കഴിഞ്ഞ് തിരിച്ചുവന്നപ്പോൾ നിഷയെ കണ്ടില്ല.

തുടർന്ന് നാട്ടുകാർ നടത്തിയ തിരച്ചിലിൽ അരക്കിലോമീറ്റർ താഴെനിന്നാണ് കണ്ടെത്തിയത്. ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് മരിച്ചത്. മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. സഹോദരങ്ങൾ: നിഷാന്ത്, ചിന്നു, നീതു.