തിരുവമ്പാടി : മോട്ടോർ പമ്പുകൾ മോഷണംപോയ കേസിലെ പ്രതിയെ ഏഴ് മാസത്തിന് ശേഷം തിരുവമ്പാടി പോലീസ് പിടികൂടി. എറണാകുളം പുള്ളിപ്പറമ്പിൽ റോയ് തോമസാണ് അറസ്റ്റിലായത്.

കൂമ്പാറയിലെ ഭാര്യവീട്ടിൽ ഒളിച്ച് താമസിക്കുന്നതിനിടയിലാണ് ഇയാളെ പിടികൂടിയത്. 2019 ഡിസംബറിൽ കൂമ്പാറയിലെ നിരവധി വീടുകളിൽ നിന്ന് മോട്ടോർ പമ്പുകൾ മോഷണംപോയ കേസിലാണ് അറസ്റ്റ്.

കൂട്ടുപ്രതികളായ മുഹമ്മദ് സാലിഹ്, ജിനീഷ് എന്നിവരെ അന്നുതന്നെ പിടികൂടിയിരുന്നു.എന്നാൽ റോയ് തോമസ് എറണാകുളത്തേക്ക് രക്ഷപ്പെട്ടു. കഴിഞ്ഞ ദിവസം ഇയാൾ കൂമ്പാറ മുണ്ടമലിലെ ഭാര്യ വീട്ടിലെത്തിയതായി പോലീസിന് വിവരം ലഭിച്ചു.

തുടർന്ന് നടത്തിയ പരിശോധനയിൽ കൂടരഞ്ഞി അങ്ങാടിയിൽ വെച്ചാണ് തിരുവമ്പാടി പോലീസ് ഇയാളെ പിടികൂടിയത്.

എസ്.ഐ. മനോജ്, സി.പി.ഒ.മാരായ അനീസ്, സെബാസ്റ്റ്യൻ, പ്രജീഷ്, മുനീർ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.