തിരുവമ്പാടി : പഞ്ചായത്തിന് അനുവദിച്ച പ്രളയഫണ്ട് കെടുകാര്യസ്ഥതമൂലം നഷ്ടപ്പെട്ടെന്നാരോപിച്ച് ഭരണസമിതി യോഗത്തിൽ നിന്ന് കോൺഗ്രസ് അംഗങ്ങൾ ഇറങ്ങിപ്പോയി. റോഡ് പുനരുദ്ധാരണത്തിനുള്ള 26.4 ലക്ഷം രൂപ നഷ്ടമായെന്നാണ് ആക്ഷേപം.

ബോസ് ജേക്കബിന്റെ നേതൃത്വത്തിൽ അംഗങ്ങൾ യോഗത്തിനിടയിൽ മുദ്രാവാക്യം വിളിച്ച് ഇറങ്ങിപ്പോയി.

പിന്നീട് പഞ്ചായത്തോഫീസിന് മുമ്പിൽ പ്രതിഷേധയോഗം നടത്തി. ടി.ജെ. കുര്യാച്ചൻ, ടോമി കൊന്നക്കൽ, റോബർട്ട് നെല്ലിക്കാത്തെരുവിൽ, പൗളിൻ മാത്യു എന്നിവർ സംസാരിച്ചു.

കോൺഗ്രസ് ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് പഞ്ചായത്ത് പ്രസിഡന്റ് പി.ടി. അഗസ്റ്റിൻ പറഞ്ഞു. കോവിഡ് പ്രോട്ടോകോളിന്റെ ലംഘനമാണ് പ്രതിപക്ഷത്തിന്റെ നടപടി. ഇതുസംബന്ധിച്ച് പോലീസിൽ പരാതി നൽകും. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ അലങ്കോലപ്പെടുത്താനാണ് കോൺഗ്രസ് ശ്രമിക്കുന്നത്. ഇത് തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ടുള്ള രാഷ്ട്രീയനാടകമാണെന്നും അദ്ദേഹം പറഞ്ഞു.