തിരുവമ്പാടി : വെള്ളിയാഴ്ച വൈകുന്നേരം ഇരുവഞ്ഞിപ്പുഴയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ മഞ്ഞുവയൽ ചരനാലിൽ ജെയിംസിനെ(20) കണ്ടെത്താനായില്ല. അഗ്നിരക്ഷാസേനയും നാട്ടുകാരും ചേർന്ന് നടത്തിയ തിരച്ചിൽ രണ്ടാംദിവസവും വിഫലമായി. തുടർച്ചയായി പെയ്യുന്ന മഴയും പുഴയിലെ കുത്തൊഴുക്കും പലപ്പോഴും തിരച്ചിലിന് തടസ്സമായി. ജെയിംസ് ഒഴുക്കിൽപ്പെട്ട പുല്ലൂരാംപാറ പത്തായപ്പാറയിൽനിന്ന് രണ്ടുകിലോമീറ്റർ താഴെവരെയാണ് ശനിയാഴ്ച തിരച്ചിൽ നടത്തിയത്. ഏഴുമണിയോടെ തിരച്ചിൽ അവസാനിപ്പിച്ചു.

ശനിയാഴ്ച രാവിലെ എട്ടരയോടെയാണ് പുഴയിൽ തിരച്ചിൽ തുടങ്ങിയത്. അഗ്നിരക്ഷാസേനയുടെ മുങ്ങൽവിദഗ്ധരായ സ്കൂബ യൂണിറ്റും എത്തിയിരുന്നു.

സന്നദ്ധസംഘടനകളായ കർമ ഓമശ്ശേരി, മുറമ്പാത്തി കർമസേന എന്നിവയിലെ അംഗങ്ങളും തിരച്ചിലിൽ പങ്കാളികളായി. പോലീസ്, റവന്യൂവകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. ഞായറാഴ്ച രാവിലെ തിരച്ചിൽ തുടരും. വെള്ളിയാഴ്ച നാലുമണിയോടെയാണ് പത്തായപ്പാറ കടവിലിറങ്ങിയ ജെയിംസ് ഒഴുക്കിൽപ്പെട്ടത്. കൂടെയുണ്ടായിരുന്ന സുഹൃത്ത് രക്ഷിക്കാൻ ശ്രമിച്ചെങ്കിലും യുവാവ് മുങ്ങിത്താഴുകയായിരുന്നു.