തിരുവമ്പാടി : പുല്ലൂരാംപാറ പത്തായപ്പാറയിൽ യുവാവിനെ ഒഴുക്കിൽപ്പെട്ട് കാണാതായി. കോടഞ്ചേരി മഞ്ഞുവയൽ ചരനാലിൽ ജെയിംസ് (20) ആണ് ഒഴുക്കിൽപ്പെട്ടത്. വെള്ളിയാഴ്ച വൈകുന്നേരം നാലുമണിയോടെയാണ് സംഭവം. ഇരുവഞ്ഞിപ്പുഴയിലെ പത്തായപ്പാറ കടവിൽ കാൽ കഴുകാനിറങ്ങിയതായിരുന്നു ജെയിംസ്. ഈ സമയം പുഴ കലങ്ങിമറിഞ്ഞ നിലയിലായിരുന്നു. അപ്രതീക്ഷിതമായി ഒഴുക്കിൽപ്പെട്ട ജെയിംസിനെ വലിച്ച് കരയ്‌ക്കെത്തിക്കാൻ കൂടെയുണ്ടായിരുന്നയാൾ ശ്രമിച്ചെങ്കിലും മുങ്ങിപ്പോവുകയായിരുന്നു. ഇദ്ദേഹം വിവരമറിയിച്ചതിനെത്തുടർന്ന് നാട്ടുകാരാണ് ആദ്യം തിരച്ചിൽ തുടങ്ങിയത്. പിന്നീട് തിരുവമ്പാടി പോലീസും മുക്കത്തുനിന്ന് അഗ്നിരക്ഷാസേനയും സ്ഥലത്തെത്തി. ജെയിംസിന്റെ വീടിന്റെ അധികം ദുരെയല്ലാതെയാണ് അപകടമുണ്ടായത്. നാട്ടുകാരും അഗ്നിരക്ഷാസേനയും തിരച്ചിൽ നടത്തിയെങ്കിലും ജെയിംസിനെ കണ്ടെത്താനായില്ല. തുടർച്ചയായി പെയ്യുന്ന മഴയും വെളിച്ചക്കുറവും കാരണം വെള്ളിയാഴ്ചത്തെ തിരച്ചിൽ ഏഴുമണിയോടെ നിർത്തി. ശനിയാഴ്ച രാവിലെമുതൽ തിരച്ചിൽ തുടരും.