തിരുവമ്പാടി : തിരുവമ്പാടി-പുല്ലൂരാംപാറ-ആനക്കാംപൊയിൽ-മറിപ്പുഴ റോഡ് നവീകരണത്തിന് കിഫ്ബി അംഗീകാരം ലഭിച്ചു. 18.26 കിലോമീറ്ററുള്ള റോഡിന് കഴിഞ്ഞദിവസം ചേർന്ന കിഫ്ബി എക്സിക്യുട്ടീവ് യോഗത്തിൽ 77 കോടി രൂപയുടെ സാമ്പത്തികാനുമതിയാണ് നൽകിയിട്ടുള്ളത്.

2017-18 സംസ്ഥാന ബജറ്റിൽ 20 കോടി വകയിരുത്തിയ റോഡ് നവീകരണത്തിന് വിശദമായ എസ്റ്റിമേറ്റും പ്ലാനും തയ്യാറാക്കിയിരുന്നു. നിലവിൽ എട്ട് മീറ്റർ വീതിയുള്ള റോഡ് നാട്ടുകാർ സൗജന്യമായി ലഭ്യമാക്കിയ സ്ഥലമുപയോഗിച്ചാണ് 10 മീറ്റർ വീതിയിൽ വികസിപ്പിക്കുന്നത്.

നിർദിഷ്ട ആനക്കാംപൊയിൽ-കള്ളാടി-മേപ്പാടി തുരങ്കപാതയുടെ ഭാഗമായ റോഡാണിതെന്ന പ്രത്യേകതയുമുണ്ട്. 42 കലുങ്കുകൾ, കാളിയാമ്പുഴ, ഇരുമ്പകം, ആനക്കാംപൊയിൽ, മുത്തപ്പൻപുഴ, എന്നിവിടങ്ങളിൽ നാല് ഇടത്തരം പാലങ്ങൾ, ഓടകൾ, കവലകളുടെ സൗന്ദര്യവത്കരണം, നടപ്പാതകൾ തുടങ്ങിയവ ഉൾപ്പെടുന്നതാണ് പദ്ധതി. സാങ്കേതികാനുമതി ലഭ്യമാക്കി ഈ വർഷംതന്നെ നിർമാണം തുടങ്ങാൻ കഴിയുമെന്ന് ജോർജ് എം. തോമസ് എം.എൽ.എ. പറഞ്ഞു.