തിരുവമ്പാടി : നവീകരണം നടക്കുന്ന അഗസ്ത്യൻമുഴി-തിരുവമ്പാടി- കൈതപ്പൊയിൽ റോഡിലെ താഴെ തിരുവമ്പാടി അങ്ങാടിക്ക് സമീപമുള്ള വയൽപ്രദേശത്ത് പഴയ സിമന്റ് പൈപ്പ് നിലനിർത്താൻ നീക്കമെന്ന് പരാതി. സ്ഥിരം വെള്ളപ്പൊക്ക ഭീഷണിയുള്ള സ്ഥലത്ത് പുതിയ കലുങ്ക് നിർമിക്കണമെന്നാണ് ആവശ്യമുയരുന്നത്.

റോഡ് നവീകരണത്തിന് ശേഷവും നാലടി വ്യാസമുള്ള സിമന്റ്‌ പൈപ്പ് നിലനിർത്തുന്നത് സ്ഥലത്ത് വീണ്ടും വെള്ളക്കെട്ടിന് കാരണമാകും.

ഗവ. ആശുപത്രി ജങ്ഷനിൽ ഇപ്പോൾ വലിയ കലുങ്ക് നിർമിച്ചിട്ടുണ്ട്. ഇവിടെനിന്ന് 25 മീറ്റർ മാറി സമാന്തരമായി നീരൊഴുക്കുള്ള സ്ഥലത്തെ കലുങ്ക് റോഡ് നവീകരണത്തിന്റെ ഭാഗമായി ഒഴിവാക്കുകയും ചെയ്തു. കൂടുതൽ വെള്ളമുണ്ടായാൽ ഒഴുകിപ്പോകാനാണ് രണ്ട് കലുങ്കുകളുടെയും ഇടയ്ക്ക് മുമ്പ് പൈപ്പിട്ടിരുന്നത്. ഇതിൽ ഒരു കലുങ്ക് ഒഴിവാക്കിയതിനാലാണ് പൈപ്പിട്ട സ്ഥലത്ത് മറ്റൊരു കലുങ്ക് കൂടി നിർമിക്കണമെന്ന് ആവശ്യമുയരുന്നത്.

കഴിഞ്ഞ രണ്ട് വർഷവും പ്രളയത്തിൽ പ്രദേശത്തെ വീടുകൾ വെള്ളത്തിൽ മുങ്ങിയിരുന്നു. വലിയ കലുങ്കിന്റെ നിർമാണത്തിനിടെ വെള്ളമെഴുക്ക് തടസ്സപ്പെട്ട് വേനൽമഴയിൽപ്പോലും പ്രദേശത്തെ കൃഷിയിടങ്ങൾ വെള്ളത്തിൽ മുങ്ങിയിരുന്നു.

കുടുംബാരോഗ്യ കേന്ദ്രവും വാപ്പാട്ട് കോളനിയും വീണ്ടും വെള്ളക്കെട്ട് ഭീഷണിയിലാകുമെന്നാണ് ആശങ്ക.