തിരുവമ്പാടി : കൂടരഞ്ഞി പൂവാറൻതോടിൽ കുട്ടികൾക്കും മുതിർന്നവർക്കും വായനയ്ക്കുള്ള പുസ്തകങ്ങൾ ഇനി വീട്ടിലെത്തും. പൂവാറൻതോട് ഗവ. എൽ.പി. സ്കൂൾ നടപ്പാക്കുന്ന ‘പുസ്തകമുറങ്ങാത്ത വീട്’ പദ്ധതിയിലൂടെയാണ് കുടുംബവായന എന്ന ആശയം നടപ്പാക്കുന്നത്. കോവിഡ്കാലത്ത് കുട്ടികളുടെ വായന സജീവമായി നിലനിർത്തുകയാണ് ലക്ഷ്യം. ഒപ്പം വീട്ടിലുള്ള മറ്റുള്ളവരെയും വായനയിലേക്ക് ആകർഷിക്കാനും പദ്ധതി സഹായകരമാകുമെന്നാണ് പ്രതീക്ഷ. സ്കൂൾലൈബ്രറിയിലെ പുസ്തകങ്ങൾ ഉപയോഗിച്ചാണ് പദ്ധതി നടപ്പാക്കുക. സ്കൂൾ തുറക്കാത്തതിനാൽ ലൈബ്രറിയിൽ വെറുതേകിടക്കുന്ന പുസ്തകങ്ങളാണ് വായനക്കാരെത്തേടിയെത്തുന്നത്.

പി.ടി.എ.യുടെ സഹകരണത്തോടെ ഓരോ വിദ്യാർഥിയുടെയും വീട്ടിൽ കഥ, കവിത, ലേഖനം എന്നിവ അടങ്ങിയ പുസ്തകങ്ങൾ എല്ലാ മാസവും എത്തിച്ചുനൽകും. കുട്ടികളും രക്ഷിതാക്കളും പുസ്തകങ്ങൾ വായിച്ച് കുറിപ്പുകൾ തയ്യാറാക്കും. പഞ്ചായത്തംഗം സണ്ണി പെരുകിലംതറപ്പേൽ ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപകൻ മുസ്തഫ ചേന്ദമഗല്ലൂർ, പി.ടി.എ. പ്രസിഡന്റ് ടെന്നീസ് ചോക്കാട്ട്, നിഷ വാവോലിക്കൽ, ജിസ്‌ന അഗസ്റ്റ്യൻ, ഹർഷ എന്നിവർ സംസാരിച്ചു.