തിരുവമ്പാടി : ഇന്റർനെറ്റ് സൗകര്യമില്ലാത്തിനാൽ പഠനം മുടങ്ങിയ ആനക്കാംപൊയിൽ തേൻപാറ പ്രദേശത്ത് വൈ-ഫൈ സൗകര്യമെത്തി. യൂത്ത് കോൺഗ്രസ് മേഖലാ കമ്മിറ്റിയുടെ ഇടപെടലിനെത്തുടർന്ന് ഐ.എൻ.ടി.യു.സി. യുവജനവിഭാഗമാണ് ഇതിന് മുൻകൈയെടുത്തത്. ഇതിനായി തേൻപാറ അങ്കണവാടിവരെ 600 മീറ്റർ നീളത്തിൽ കേബിൾ സ്ഥാപിച്ചു. അങ്കണവാടിക്ക് 40 മീറ്റർ ചുറ്റളവിൽ ഇനി ഇന്റർനെറ്റ് സൗകര്യം ലഭ്യമാകും. ഒട്ടേറെ വിദ്യാർഥികൾക്ക് ഇത് പ്രയോജനപ്പെടും.

ബസ്‌സ്റ്റോപ്പിലും മറ്റുമിരുന്നാണ് കോളേജ് വിദ്യാർഥികൾ ഇതുവരെ പഠനം നടത്തിയിരുന്നത്. പ്രദേശത്തൊന്നും ഇന്റർനെറ്റ് സൗകര്യം ലഭ്യമായിരുന്നില്ല. ഏറെനാളത്തെ കാത്തിരിപ്പിനൊടുവിൽ ഇൻർനെറ്റ് സൗകര്യമെത്തിയതിൽ നാട്ടുകാരും വിദ്യാർഥികളും ആഹ്ലാദത്തിലാണ്. തേൻപാറ അങ്കണവാടിയിൽ പഠനത്തിനുള്ള എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. ഐ.എൻ.ടി.യു.സി. യുവജനവിഭാഗം സംസ്ഥാന പ്രസിഡന്റ് നിഷാബ് മുല്ലോളി, വാർഡംഗങ്ങളായ പൊളിൻ മാത്യു, ടോമി കൊന്നക്കൽ, ജില്ലാപ്രസിഡന്റ് അരുൺ കല്ലിടുക്കിൽ, ജെമീഷ് ഇളംതുരുത്തിയിൽ, പി. സിജു, മനോജ് വാഴേപ്പറമ്പിൽ എന്നിവർ നേതൃത്വം നൽകി.