തിരുവമ്പാടി : മറിയപ്പുറം ചെറുവളപ്പ് എസ്.സി. കോളനി സബ്‌കളക്ടർ ജി. പ്രിയങ്ക സന്ദർശിച്ചു. കോളനി നിവാസികളുടെ പരാതികൾകേട്ട സബ്കളക്ടർ പ്രശ്‌നങ്ങൾ അടിയന്തരമായി പരിഹരിക്കുന്നതിനുള്ള നിർദേശങ്ങൾ നൽകി. കോളനിക്ക് നടുവിലൂടെ ഒഴുകുന്ന ഓവുചാൽ തകർന്നതും തുറന്നുകിടക്കുന്നതുമാണ്. ഇത് വീതികൂട്ടി നവീകരിച്ച് മുകളിൽ സ്ലാബിട്ടുമൂടി നടപ്പാതയായി ഉപയോഗിക്കാനുള്ള പദ്ധതി തയ്യാറാക്കും. ഇതിനുള്ള തുക എസ്.സി. കോർപ്പസ് ഫണ്ടിൽനിന്ന് അനുവദിക്കാനുള്ള നടപടികൾ സ്വീകരിക്കും. കുടിവെള്ളപ്രശ്‌നവും ചിലർക്ക് പട്ടയമില്ലാത്തതും നാട്ടുകാർ സബ്കളക്ടറുടെ ശ്രദ്ധയിൽപ്പെടുത്തി. തൊഴിൽപരിശീലനത്തിനും കാർഷികസ്വയാശ്രയസംഘം രൂപവത്കരിക്കുന്നതിനും തീരുമാനമായി. കോളനിയിലേക്കുള്ള റോഡിന്റെ അപര്യാപ്തത പരിഹരിക്കുന്നതിന് ബന്ധപ്പെട്ട കക്ഷികളുടെ യോഗം കളക്ടറേറ്റിൽ വിളിച്ചുചേർക്കും.

പഞ്ചായത്ത് പ്രസിഡന്റ് പി.ടി. അഗസ്റ്റിൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഒ.കെ. റംല, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഗീതാവിനോദ്, ബ്ലോക്ക് പഞ്ചായത്തംഗം ഏലിയാമ്മ ജോർജ് എന്നിവരും ഒപ്പമുണ്ടായിരുന്നു.