തിരുവമ്പാടി : തിരുവമ്പാടി പഞ്ചായത്തിലും വില്ലേജിലും ഉൾപ്പെട്ട സ്ഥലത്തെ കൂടരഞ്ഞി പഞ്ചായത്തിലും വില്ലേജിലും ഉൾപ്പെടുത്തിയെന്ന പരാതിയിൽ പഞ്ചായത്ത് അസി. ഡയറക്ടറുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്ത് പരിശോധന നടത്തി. മറിയപ്പുറം മുതുവമ്പായിയിലെ 40 കുടുംബങ്ങളാണ് വർഷങ്ങളായി കൂടരഞ്ഞി വില്ലേജിൽ ഭൂനികുതി അടയ്ക്കുന്നത്. ഇവരുടെ വോട്ടവകാശവും കൂടരഞ്ഞി പഞ്ചായത്തിലാണ്. തിരുവമ്പാടി പഞ്ചായത്തിൽ ഉൾപ്പെട്ട റീ.സ. 145-ൽ ഉൾപ്പെട്ട ഭൂമിയാണിതെന്നതിന് വ്യക്തമായ രേഖകളുണ്ട്.

എന്നാൽ, പിഴവ് തിരുത്താൻ പഞ്ചായത്ത്, റവന്യൂ ഉദ്യോഗസ്ഥർ തയ്യാറാകുന്നില്ലെന്നാണ് പരാതി. പ്രശ്നത്തിൽ തിരഞ്ഞെടുപ്പ് കമ്മിഷനും ഇടപെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പഞ്ചായത്ത് അസി. ഡയറക്ടർ കെ. സിദ്ദിഖ് പരിശോധന നടത്തിയത്.

ഉടൻ ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർ കൂടിയായ കളക്ടർക്ക് റിപ്പോർട്ട് നൽകുമെന്ന് അദ്ദേഹം പറഞ്ഞു. ജൂനിയർ സൂപ്രണ്ട് യു.കെ. രാജൻ, തിരുവമ്പാടി, കൂടരഞ്ഞി പഞ്ചായത്ത് സെക്രട്ടറിമാർ എന്നിവരും സംഘത്തിലുണ്ടായിരുന്നു.