തിരുവമ്പാടി : ഓമശ്ശേരി, മുക്കം ഭാഗത്തുനിന്ന് വരുന്നവർക്ക് തിരുവമ്പാടി ടൗണിലെത്താൻ ഒരു കിലോമീറ്റർ ദൂരം ചെളിയും കുഴിയും താണ്ടണം. തോട്ടത്തിൻകടവ് പാലം മുതൽ തിരുവമ്പാടി ടൗൺ വരെയാണ് യാത്ര ദുഷ്‌കരമായിരിക്കുന്നത്.

കെ.എസ്.ഇ.ബി.യുടെ ഭൂഗർഭ കേബിൾ ജോലിക്കായി നാലുമാസം മുമ്പ് റോഡിന്റെ ഒരുവശം കിടങ്ങുണ്ടാക്കിയിരുന്നു. ഇത് മൂടിയെങ്കിലും കുഴികൾ നികത്തി ടാറിങ് നടത്തിയിട്ടില്ല. ലോക്ഡൗണും പിന്നാലെ മഴയും എത്തിയത് പണി തുടങ്ങുന്നതിന് തടസ്സമായി.

വലിയ കുഴികളിൽച്ചാടി ഇരുചക്രവാഹന യാത്രക്കാർ അപകടത്തിൽപ്പെടുന്നത് പതിവാണ്. റോഡിനിരുവശത്തുമുള്ള വ്യാപാരികൾക്കും ഇതുവഴി നടന്നുപോകുന്നവർക്കും ചെളിയും വെള്ളവും കെട്ടിക്കിടക്കുന്നത് ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. ടാറിങ് നടത്താൻ പറ്റിയില്ലെങ്കിൽ താത്കാലികമായെങ്കിലും കുഴികളടയ്ക്കണമെന്നാണ് ആവശ്യമുയരുന്നത്.

തിങ്കളാഴ്ച റേഷനരിയുമായി വന്ന ലോറി പോലീസ്‌സ്റ്റേഷനുസമിപം കുഴിയിൽച്ചാടി. അരിച്ചാക്കുകൾ നിലത്തുവീണത്‌ ഏറെ നേരം ഗതാഗതതടസ്സമുണ്ടാക്കി.