തിരുവമ്പാടി : കാട്ടുമൃഗശല്യവും അതിർത്തിത്തർക്കവും നിലനിൽക്കുന്ന ആനക്കാംപൊയിൽ വനമേഖലയിൽ ഡി.എഫ്.ഒ. എം. രാജീവനും സംഘവും സന്ദർശിച്ചു. മുത്തപ്പൻപുഴ, തേൻപാറ, കണ്ടപ്പൻചാൽ, മറിപ്പുഴ തുടങ്ങിയ പ്രദേശങ്ങളിലായിരുന്നു സന്ദർശനം. ജനപ്രതിനിധികൾ, കർഷക സംഘടനാ നേതാക്കൾ, കർഷക പ്രതിനിധികൾ എന്നിവരുമായി ഡി.എഫ്.ഒ. ചർച്ച നടത്തി. കൃഷിനാശം സംഭവിച്ച കർഷകർക്കുള്ള നഷ്ടപരിഹാരവും വനാതിർത്തിയിലെ വേലി നിർമാണവും വേഗത്തിലാക്കുമെന്ന് അദ്ദേഹം പറഞ്ഞു. ബ്ലോക്ക് പഞ്ചായത്തംഗം ലീലാമ്മ മംഗലത്ത്, കർഷക കോൺഗ്രസ് തിരുവമ്പാടി നിയോജക മണ്ഡലം പ്രസിഡന്റ് ജെമീഷ് ഇളംതുരുത്തിൽ എന്നിവരും സംഘത്തിലുണ്ടായിരുന്നു.