തിരുവമ്പാടി: ഹൈസ്കൂൾ ഗ്രൗണ്ടിൽ അന്തർദേശീയ നിലവാരത്തിലുള്ള സ്റ്റേഡിയം നിർമിക്കാനുള്ള പദ്ധതി ഉപേക്ഷിച്ചെങ്കിലും ഇതുമായി ബന്ധപ്പെട്ട വിവാദങ്ങൾ അവസാനിക്കുന്നില്ല. സ്റ്റേഡിയത്തിന്റെ പ്രഖ്യാപനവും പൊടുന്നനെയുള്ള പിൻവാങ്ങലും ഭൂമിയുടെ ഉടമസ്ഥത സംബന്ധിച്ച വിവാദങ്ങളുമെല്ലാംകൂടി ആകെ കുഴഞ്ഞുമറിഞ്ഞ അവസ്ഥയിലാണ്. ഇതിനിടയിലാണ് സ്റ്റേഡിയത്തിന്റെ പദ്ധതിരേഖ തയ്യാറാക്കുകയും നിർമാണത്തിനുശേഷം പരിപാലനം ഏറ്റെടുക്കുകയും ചെയ്യേണ്ട സ്പോർട്‌സ് കൗൺസിലിന് പദ്ധതിയെക്കുറിച്ച് യാതൊരറിവുമില്ലെന്ന വിവരം പുറത്തുവരുന്നത്.
ഒന്നരവർഷം മുമ്പാണ് എം.എൽ.എ. തിരുവമ്പാടി ഹൈസ്കൂൾ ഗ്രൗണ്ടിൽ അന്തർദേശീയ നിലവാരമുള്ള സ്റ്റേഡിയം നിർമിക്കുമെന്ന് പ്രഖ്യാപിച്ചത്. സ്റ്റേഡിയത്തിന് ഭരണാനുമതി ലഭിച്ചതായി കഴിഞ്ഞവർഷം ഒക്ടേബർ 27-ന് അദ്ദേഹംതന്നെ അറിയിച്ചു. കിഫ്ബി മുഖേന 6.9 കോടി രൂപയാണ് അനുവദിച്ചത്. സംസ്ഥാന സ്പോർട്‌സ് കൗൺസിൽ ‘കിറ്റ്‌കോ’യുടെ സഹായത്തോടെ തയ്യാറാക്കിയ പദ്ധതിരേഖയ്ക്കാണ് ഭരണാനുമതി നൽകിയതെന്നും പറഞ്ഞിരുന്നു.
ആധുനികസൗകര്യങ്ങളുള്ള സ്റ്റേഡിയത്തിന്റെ ഉടമസ്ഥാവകാശം സ്കൂൾ മാനേജ്‌മെന്റിനും പരിപാലനവും ഉപയോഗവും സ്പോർട്‌സ് കൗൺസിലിനുമെന്നായിരുന്നു പ്രഖ്യാപനം. കഴിഞ്ഞമാസം സ്റ്റേഡിയത്തിന്റെ ടെൻഡർ നടപടികൾ പൂർത്തിയായെന്നും റൈറ്റ് എഡ്ജ് എന്ന കമ്പനി നിർമാണം ഏറ്റെടുത്തതായും അറിയിപ്പുണ്ടായി. എന്നാൽ സ്റ്റേഡിയനിർമാണം പുനഃപരിശോധിക്കണമെന്ന് ഞായറാഴ്ച എൽ.ഡി.എഫ്. പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. ഇതിനുപിന്നാലെ പദ്ധതി മറ്റൊരിടത്തേക്ക് മാറ്റുമെന്ന് എം.എൽ.എ.യും സൂചിപ്പിച്ചു. തുടർച്ചയായി രണ്ടാംവർഷവും ഗ്രൗണ്ടിൽ വെള്ളംകയറിയതാണ് പദ്ധതി പുനഃപരിശോധിക്കാൻ എൽ.ഡി.എഫ്. കാരണമായി പറഞ്ഞത്.
ഇതിനിടയിലാണ് സ്റ്റേഡിയത്തിന്റെ പദ്ധതിരേഖ തയ്യാറാക്കിയെന്ന് പറയപ്പെടുന്ന സ്പോർട്‌സ് കൗൺസിലിനുതന്നെ ഇതേക്കുറിച്ച് യാതൊരറിവുമില്ലെന്ന വിവരാവകാശ രേഖ പുറത്തുവരുന്നത്. ഇതുമായി ബന്ധപ്പെട്ട രേഖകളൊന്നും കൈവശമില്ലെന്നാണ് ജില്ലാ സ്പോർട്‌സ് കൗൺസിലും സംസ്ഥാന സ്പോർട്‌സ് കൗൺസിലും വിവരാവകാശ നിയമപ്രകാരമുള്ള അപേക്ഷയ്ക്ക് മറുപടിയായി നൽകിയത്. ഇതോടെ സ്റ്റേഡിയവുമായി ബന്ധപ്പെട്ട ദുരൂഹതകൾ ഏറുകയാണ്. ഗ്രൗണ്ടിന്റെ രേഖകളിൽ സംശയങ്ങളുണ്ടെന്ന് നേരത്തേ തഹസിൽദാർ റിപ്പോർട്ട് നൽകിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് ചിലർ കോടതിയെ സമീപിച്ചതായും സൂചനയുണ്ട്.