തിരുവമ്പാടി: കറ്റിയാട് ജങ്ഷനിൽനിന്ന് കൃഷിഭവനിലേക്കുള്ള റോഡ് തുടർച്ചയായി രണ്ടാംവർഷവും ചെളിക്കളമായി. വാഹനങ്ങൾ ഈ റോഡിലൂടെ ഓടാത്തതിനാൽ കറ്റിയാട് നിവാസികളും കൃഷിഭവനിലേക്കും മറ്റുമെത്തുന്ന നാട്ടുകാരും ദുരിതത്തിലാണ്. പാൽ, പത്രം, സ്‌കൂൾവാഹനങ്ങളൊന്നും ഇതുവഴി വരുന്നില്ല. കൃഷിഭവനുപുറമെ സർക്കാർ മൃഗാശുപത്രിയും ഹോമിയോ ആശുപത്രിയും ഈ റോഡിലാണ്. കറ്റിയാട് ജങ്ഷനിൽ വാഹനമിറങ്ങി നടന്നാണ് ഇപ്പോൾ ആളുകൾ ഇവിടേക്കെത്തുന്നത്. ഇരുചക്രവാഹനങ്ങൾപോലും ഓടിക്കാനാവാത്ത സ്ഥിതിയാണ്.

അഗസ്ത്യൻമുഴി-കൈതപ്പൊയിൽ റോഡ് വികസനത്തിന്റെ ഭാഗമായുള്ള പ്രവൃത്തിമൂലമാണ് ഈ വർഷം റോഡിന്റെ തുടക്കത്തിൽതന്നെ ചെളിനിറഞ്ഞത്. റോഡ് പൊതുമരാമത്ത് വകുപ്പുതന്നെ നന്നാക്കണമെന്ന നിലപാടിലാണ് പഞ്ചായത്തധികൃതർ. എന്നാൽ കരാറുകാർക്കാണ് ഉത്തരവാദിത്വമെന്ന് പി.ഡബ്ല്യു.ഡി. അധികൃതർ പറയുന്നു.

റോഡ് വികസനവുമായി ബന്ധപ്പെട്ട യോഗങ്ങളിൽ നിരന്തരം പഞ്ചായത്ത് പ്രസിഡന്റ് ഉൾപ്പെടെയുള്ളവർ ഈ ആവശ്യമുന്നയിച്ചിട്ടും ഒരു നടപടിയുമുണ്ടായിട്ടില്ല. കഴിഞ്ഞ ദിവസം കുറച്ച് ക്വാറിയവശിഷ്ടങ്ങൾ കൊണ്ടുവന്നിട്ടെങ്കിലും റോഡ് കുറേക്കൂടി മോശമാവുകയാണ് ചെയ്തത്.

നിർദിഷ്ട കെ.എസ്.ആർ.ടി.സി. ഡിപ്പോയിലേക്കുള്ള റോഡെന്ന നിലയ്ക്ക് കഴിഞ്ഞ വർഷം വീതികൂട്ടിയിരുന്നു. നിലവിലുള്ള ടാറിട്ട റോഡ് പൊളിച്ചാണ് വീതികൂട്ടൽ നടത്തിയത്. ഇതിന്റെ പ്രവൃത്തി പൂർത്തിയായിട്ടില്ല. ഇതിനിടിലാണ് കൈതപ്പൊയിൽ റോഡ് വികസനവും തുടങ്ങിയത്. സർക്കാർ സ്ഥാപനങ്ങൾക്ക് പുറമേ അമ്പതോളം വീടുകളും ഈ ഭാഗത്തുണ്ട്.