തിരുവമ്പാടി: എഴുപതാം വയസ്സിലെത്തിയെങ്കിലും കൂടരഞ്ഞി മാങ്കയം ചെമ്പകശ്ശേരിൽ അയ്യപ്പന് വെറുതെയിരിക്കാനോ വിശ്രമിക്കാനോ താത്പര്യമില്ല. കൊല്ലപ്പണിയാണ് ഉപജീവനമാർഗമെങ്കിലും കൃഷി വിട്ടൊരു ജീവിതം അയ്യപ്പനില്ല. പുലർച്ചെ അഞ്ചുമണിയോടെ ദിവസവും കൃഷിയിടത്തിലെത്തും. മൂന്ന്-നാല് മണിക്കൂർ ഇവിടെ ചെലവഴിച്ചശേഷം വീട്ടിലേക്ക് തിരിക്കും. ലഘുഭക്ഷണത്തിന് ശേഷം കൊല്ലപ്പണിക്കായി കൂടരഞ്ഞി അങ്ങാടിയിലെ ആലയിലേക്ക്. ഇതാണ് അയ്യപ്പന്റെ ജീവിതചര്യ.

61 വർഷം മുമ്പാണ് അയ്യപ്പന്റെ കുടുംബം മാങ്കയത്തെത്തിയത്. അയൽക്കാരുടെ കൃഷികണ്ട് ഇദ്ദേഹവും മണ്ണിലേക്കിറങ്ങി. അയ്യപ്പന്റെ കൃഷിയോടുള്ള അഭിനിവേശം കണ്ട നാട്ടുകാർ കൃഷിചെയ്യാൻ സൗജന്യമായി സ്ഥലം നൽകി. വർഷങ്ങളുടെ അധ്വാനം കൊണ്ടുണ്ടാക്കിയ പണമുപയോഗിച്ച് പിന്നീട് ആനയോട് ഒരേക്കർ സ്ഥലം വാങ്ങി കുരുമുളക് കൃഷി നടത്തി. എന്നാൽ കുടുംബത്തിന്റെ സാമ്പത്തിക ബുദ്ധിമുട്ടുകൾമൂലം ഇത് വിൽക്കേണ്ടി വന്നു. എങ്കിലും കൃഷിയെ വിടാൻ അദ്ദേഹം തയ്യാറായില്ല. ഉടമകൾ അനുവദിക്കുന്ന പറമ്പുകളിൽ പച്ചക്കറികളും, ഇഞ്ചി, മഞ്ഞൾ, ചേമ്പ്, ചേന, കപ്പ പോലെയുള്ള കിഴങ്ങ് വർഗങ്ങളും ഇപ്പോഴും കൃഷി ചെയ്യുന്നു. ചില ഔഷധസസ്യങ്ങളും ഇതിനിടയിൽ നട്ടുപിടിപ്പിക്കും.

ചെറിയ തോതിൽ നാട്ടുവൈദ്യവുമുണ്ട് അയ്യപ്പന്.എന്നാൽ ഇതിന് പ്രതിഫലം വാങ്ങാറില്ല. 19 സെന്റ് സ്ഥലമേ അയ്യപ്പന് സ്വന്തമായുള്ളു. കൃഷി ചെയ്യാൻ താത്പര്യമുള്ളവർക്ക് മലയോരത്ത് സ്ഥലം ഒരു പ്രശ്നമല്ലെന്ന് അയ്യപ്പൻ പറയുന്നു. ഒരിക്കൽ വാഴക്കൃഷി ചെയ്ത് പരാജയപ്പെട്ടതാണ് അയ്യപ്പന് കൃഷിയിൽ നിന്നുണ്ടായ ഏകതിരിച്ചടി. ജൈവ വളവും രാസവളവും ഇടകലർത്തിയുള്ളതാണ് കൃഷിരീതി. രാസകീടനാശിനി ഉപയോഗിക്കില്ല.

ഇപ്പോൾ വർഷത്തിൽ മൂന്നുതവണ പച്ചക്കറിക്കൃഷി നടത്തും. തോടോ പുഴയോ അടുത്തുള്ള പറമ്പുകളായിരിക്കും തെരഞ്ഞെടുക്കുന്നത്. വീട്ടാവശ്യത്തിനുള്ളത് കഴിഞ്ഞാൽ കടയിൽ വിൽക്കും. ഭാര്യയും രണ്ടുമക്കളും മരുമക്കളുമടങ്ങിയതാണ് കുടുംബം. സമയം കിട്ടുമ്പോഴൊക്ക കൃഷിയിൽ തുണയായി ഇവരൊക്കെ അയ്യപ്പനൊപ്പമുണ്ടാകും.