തിരുവമ്പാടി: ഞായറാഴ്ച ഉദ്ഘാടനം ചെയ്യുന്ന കണ്ണൂർ വിമാനത്താവളത്തിലെ ചുമരുകൾക്ക് മനോഹാരിത പകരുക ചിത്രകാരൻ കെ.ആർ. ബാബുവിന്റെ സൃഷ്ടികളാണ്. തിരുവമ്പാടി അത്തിപ്പാറയിലെ വീടിനോട് ചേർന്ന ചിത്രപ്പുരയിൽ ഇതിന്റെ അവസാനഘട്ട മിനുക്കുപണികളിലാണ് ബാബുവും സംഘവും.

ഒമ്പത് മീറ്റർ നീളവും അഞ്ച് മീറ്റർ വീതിയുമുള്ള യക്ഷഗാനമെന്ന ചുമർചിത്രവും 20 മീറ്റർ നീളവും എട്ട് മീറ്റർ നീളവുമുള്ള ഇന്ത്യൻ ക്ലാസ്സിക്കൽ നൃത്തരൂപങ്ങളുമാണ് പ്രധാനമായും ഒരുങ്ങുന്നത്. സർക്കസ്, ആയുർവേദം എന്നിവയെ ആസ്പദമാക്കിയുള്ള ചിത്രങ്ങളും പഴശ്ശിരാജയുടെ എണ്ണച്ചായ ചിത്രവുമുണ്ട്. ആകെ അഞ്ചു ചിത്രങ്ങളാണ് കെ.ആർ. ബാബുവിന്റേതായി വിമാനത്താവളത്തിന്റെ ചുമരുകൾ അലങ്കരിക്കുക.

ശിഷ്യന്മാരായ പ്രദീഷ് മേലൂർ, രഞ്ജിത്ത് അരിയിൽ, മിഥുൻ ബാബു, ശബരീശൻ, വിജിൽ, നിജേഷ് ദ്വാരക എന്നിവരും ബാബുവിനൊപ്പമുണ്ട്. ഒരു മാസമായി ഇതിന്റെ പണിപ്പുരയിലാണിവർ. ഉടൻതന്നെ ഇവ കണ്ണൂരിലേക്ക് കൊണ്ടുപോകും.

മട്ടന്നൂർ പഴശ്ശി സ്മൃതിമണ്ഡപത്തിൽ പഴശ്ശിരാജയുടെ ജീവിതത്തിലെ അവിസ്മരണീയ മുഹൂർത്തങ്ങളുടെ വലിയ ചുമർചിത്രം കഴിഞ്ഞ വർഷം ബാബുവും ശിഷ്യരും കൂടി പൂർത്തിയാക്കിയിരുന്നു. ഇതിനുപിന്നാലെയാണ് കണ്ണൂർ വിമാനത്താവളത്തിലേക്കുള്ള കലാരൂപങ്ങളുടെയും ചുമതല ബാബുവിന് ലഭിക്കുന്നത്. ദീർഘകാലം മയ്യഴിയിലെ കേരളകലാഗ്രാമത്തിലായിരുന്ന ബാബു.