കുന്ദമംഗലം: കുന്ദമംഗലത്ത് അടച്ചിട്ട രണ്ട് വീടുകളിൽ കള്ളൻക്കയറി. ഒരു വീട്ടിൽനിന്ന് പണവും സ്വർണവും നഷ്ടപ്പെട്ടു.

പൂളക്കാംപൊയിൽ ഫൈസൽ, ഷംസുദീൻ എന്നിവരുടെ വീടുകളിലാണ് ശനിയാഴ്ച രാത്രി മോഷണം നടന്നത്. ഫൈസലിന്റെ വീടിന്റെ മുൻവശത്തെ വാതിലിന്റെ പൂട്ട് തകർത്താണ് മോഷ്ടാവ് അകത്ത് കയറിയത്. അലമാരയിൽ സൂക്ഷിച്ച ഒരു പവന്റെ മാലയും മുക്കാൽ പവന്റെ കമ്മലും 7500 രൂപയും നഷ്ടമായി. കുട്ടികൾ പണം സ്വരൂപിച്ച് വെക്കുന്ന പണകുടുക്കയും മോഷ്ടാവ് കൊണ്ടുപോയി.

ഫൈസലിന്റെ കുടുംബം രണ്ടാഴ്ചയായി പതിമംഗലത്തെ വീട്ടിലാണ് താമസം. അടച്ചിട്ട വീട് ഞായറാഴ്ച വൃത്തിയാക്കാനെത്തിയ ഫൈസലിന്റെ ഉമ്മയാണ് വാതിൽ തകർത്തത് കണ്ടത്.

സമീപത്തെ പൂളക്കാംപൊയിൽ ഷംസുദീന്റെ വീട്ടിലും മോഷണശ്രമം നടന്നു. ഇവിടെ മുൻവശത്തെ വാതിലിന്റെ പൂട്ട് തകർത്ത് അകത്ത് കയറിയ കള്ളൻ അലമാരയിലെ സാധനങ്ങൾ വാരിവലിച്ചിട്ടു. ഒന്നും നഷ്ടമായിട്ടില്ല. കുന്ദമംഗലം പോലീസ് കേസെടുത്തു.

Content Highlights: Theft Kunnamangalam, Theft in closed house, lost money and gold