താമരശ്ശേരി: താമരശ്ശേരി ചുരത്തിൽ കാറും ലോറിയും കൂട്ടിയിടിച്ച് കാർയാത്രികനായ യുവാവ് മരിച്ചു. കാറിലുണ്ടായിരുന്നു മൂന്നുപേർക്ക് സാരമായി പരിക്കേറ്റു. കൊടുവള്ളി പെരിയാംതോട് രാരോത്ത് ചാലിൽ റംസിത്ത് (30) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കളായ താമരശ്ശേരി സ്വദേശി മിറാജി(29)നെ കോഴിക്കോട് ഗവ.മെഡിക്കൽ കോളേജ് ആശുപത്രിയിലും കൊടുവള്ളി നെല്ലിക്കോട്ടുപറമ്പത്ത് ഷൈബിൻ (30), പരപ്പൻപൊയിൽ ആശാരിക്കണ്ടിയിൽ എ.കെ. റഷീദ് (34) എന്നിവരെ മേപ്പാടി വിംസ് മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു.

വെള്ളിയാഴ്ച വൈകീട്ട് ആറുമണിയോടെയാണ് ചുരം ഒമ്പതാംവളവിനുതാഴെ അപകടം അരങ്ങേറിയത്. ചുരമിറങ്ങി വരുകയായിരുന്ന കാറും എതിരെവന്ന ചരക്കുലോറിയും കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ലോറിക്ക്‌ അടിയിലേക്ക് അമർന്നുപോയ കാറിന്റെ മുൻഭാഗം പൂർണമായും തകർന്നു.

യാത്രക്കാരും നാട്ടുകാരും ചുരംസംരക്ഷണസമിതിയും വൈത്തിരി പോലീസും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. സാരമായി പരിക്കേറ്റ റംസിത്തിനെയും മിറാജിനെയും യാത്രക്കാരും ചുരംസംരക്ഷണസമിതി പ്രവർത്തകരും ചേർന്ന് കോഴിക്കോട് ഗവ. മെഡിക്കൽ കോളേജിലേക്കെത്തിച്ചെങ്കിലും റംസിത്തിന്റെ ജീവൻ രക്ഷിക്കാനായില്ല.

ഖത്തറിൽ ജോലിചെയ്തുവരുകയായിരുന്ന റംസിത്ത് അവധിക്ക്‌ നാട്ടിലെത്തിയതായിരുന്നു. രാരോത്ത് ചാലിൽ നാസർ-ഖദീജ ദമ്പതിമാരുടെ മകനാണ്. സഹോദരി: റംസീന.