കോഴിക്കോട്: ഭൂമി കൈമാറ്റം ചെയ്യുന്നത് ഹൈക്കോടതി ഇടക്കാല ഉത്തരവിലൂടെ തടഞ്ഞതുകൊണ്ടാണ് കോംട്രസ്റ്റ് നെയ്ത്തു ഫാക്ടറിയും ഭൂമിയും ഏറ്റെടുക്കാൻ സാധിക്കാത്തതെന്ന് നിയമസഭയിൽ വ്യവസായമന്ത്രി ഇ.പി. ജയരാജൻ.

ഡോ. എം.കെ. മുനീർ എം.എൽ.എ.യുടെ സബ്മിഷനുള്ള മറുപടിയായാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. രാഷ്ട്രപതി അംഗീകാരം നൽകിയ നിയമം നിലവിൽവന്നെങ്കിലും നടപടികളുമായി മുന്നോട്ട് പോവാൻ സർക്കാരിനോ കെ.എസ്.ഐ.ഡി.സി.ക്കോ സാധിച്ചിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി.

വസ്തുവകകൾ ഏറ്റെടുക്കുവാൻ സാധിച്ചിട്ടില്ലെങ്കിലും കെ.എസ്.ഐ.ഡി.സി. സ്ഥലം സന്ദർശിക്കുകയും ഏറ്റെടുക്കുമ്പോൾ ഉണ്ടായേക്കാവുന്ന ബാധ്യതകൾ വിലയിരുത്തുകയും ചെയ്തിട്ടുണ്ട്. ഇതനുസരിച്ച് 50 കോടി രൂപ വേണമെന്നാണ് വിലയിരുത്തൽ. നെയ്ത്തുശാല പുനരുജ്ജീവിപ്പിക്കുന്നതിനും മ്യൂസിയം, ഉത്പാദനകേന്ദ്രം തുടങ്ങിയ കാര്യങ്ങൾക്കുമായി 25 കോടി രൂപയെങ്കിലും വേണമെന്നും കണക്കാക്കുന്നു. നിയമം നടപ്പാക്കുന്നതിനായി കരട്ചട്ടങ്ങൾ രൂപവത്‌കരിക്കുന്നതിനുള്ള നടപടികൾ അന്തിമഘട്ടത്തിലാണെന്നും മന്ത്രിയുടെ മറുപടിയിലുണ്ട്. ബില്ല് നിയമസഭ പാസാക്കുന്നതിന് മുമ്പ്‌ ആകെയുണ്ടായിരുന്ന 3.84 ഏക്കറോളം ഭൂമിയിൽ 2.08 ഏക്കറോളം ഭൂമി വിറ്റെന്നും അതു വാങ്ങിയവർ ഹൈക്കോടതിയെ സമീപിച്ചതിനെത്തുടർന്നാണ് നിയമം നടപ്പാക്കാനാവാത്തതെന്നുമാണ് മന്ത്രിയുടെ വിശദീകരണം. കോംട്രസ്റ്റിലെ പ്രശ്‌നങ്ങൾ ചർച്ച ചെയ്ത് പരിഹരിക്കുന്നതിന് തൊഴിലാളി സംഘടനകളെക്കൂടി ഉൾപ്പെടുത്തിക്കൊണ്ട് വിപുലമായ യോഗം ചേരുമെന്നും മറുപടിയിൽ പറയുന്നു.

മന്ത്രിയുടെ മറുപടി ഭൂമാഫിയയെ സഹായിക്കാനെന്ന് സമരസമിതി

നിയമസഭയിൽ വ്യവസായമന്ത്രി നൽകിയ മറുപടിയിൽ ഏറ്റെടുക്കൽ ബില്ലിനെ ചോദ്യം ചെയ്യുന്നതും ഭൂമാഫിയയെ സഹായിക്കുന്നതുമായ മറയില്ലാത്ത നിലപാടാണ് വ്യക്തമാക്കുന്നതെന്ന് കോംട്രസ്റ്റ് സമരസമിതി കുറ്റപ്പെടുത്തി. ഫാക്ടറി ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് തിരുവനന്തപുരത്ത് കെ.എസ്.ഐ.ഡി.സി. ആസ്ഥാനത്തിനുമുന്നിൽ നടത്തുന്ന സമരം തുടരുമെന്നും സമിതി കൺവീനർ ഇ.സി. സതീശൻ പറഞ്ഞു.