ചേളന്നൂർ: ഇച്ചന്നൂർ എ.യു.പി. സ്കൂളിന്‌ സമീപം നെരോത്ത് ബീവിയുടെ വീടിനോട് ചേർന്നഭാഗത്ത് കണ്ടെത്തിയ മഹാശിലായുഗ സംസ്കാരവുമായി ബന്ധപ്പെട്ട ചെങ്കൽഗുഹയിൽ (റോക്ക് കട്ട് കേവ്) ഇരുമ്പിൽ തീർത്ത കൊളുത്ത് കണ്ടെത്തി. ചെങ്കൽ ഗുഹകളിൽ ഇരുമ്പിൽ തീർത്ത കൊളുത്തുകളും ഹാങ്ങറുകളും സാധാരണമാണെങ്കിലും തൂണിൽത്തന്നെ കൊളുത്ത് കൊത്തിയിരിക്കുന്നത് കേരളത്തിൽ തന്നെ ആദ്യമായാണ് കണ്ടെത്തുന്നതെന്ന് കോഴിക്കോട് പഴശ്ശിരാജ മ്യൂസിയം ചാർജ് ഓഫീസർ കെ. കൃഷ്ണരാജ് പറഞ്ഞു.

ഗുഹയിൽ ഇതിനുമുമ്പ് ആരെങ്കിലും കയറി നോക്കിയതിനാലാവാം മൺപാത്രങ്ങളും മറ്റും പൊട്ടിപ്പോയതെന്നും അദ്ദേഹം പറഞ്ഞു. വളരെക്കുറച്ച് അളവിൽ എല്ലുപൊടിയുടെ അംശങ്ങൾ മണ്ണിൽ നിന്ന് ലഭിച്ചു. കൂടുതൽ അളവിൽ കിട്ടിയാൽ മാത്രമേ കൃത്യമായ കാലഘട്ടം മനസ്സിലാക്കുന്നതിന് ബീറ്റാ അനാലിസിസിനായി അയയ്ക്കാൻ സാധിക്കുകയുള്ളൂ. കക്കോടിയിലെ ചിരട്ടാട്ടുമലയുടെ ഭാഗത്ത് കണ്ടെത്തിയ സമാനരീതിയിലുള്ള ചെങ്കൽഗുഹയിൽ നിന്ന് കിട്ടിയ എല്ലുകൾ അമേരിക്കയിലേക്ക് പരിശോധനയ്ക്ക് അയച്ചതിന്റെ അടിസ്ഥാനത്തിൽ 2680 വർഷം പഴക്കമുള്ളതാണെന്ന്‌ പരിശോധനാഫലം ലഭിച്ചിരുന്നു.

ഗുഹയിൽനിന്ന് നീക്കംചെയ്യുന്ന മണ്ണ് പൂർണമായും അരിച്ചെടുത്ത് സൂക്ഷ്മപരിശോധനയ്ക്ക് വിധേയമാക്കുന്നുണ്ട്. പുരാവസ്തുവിഭാഗത്തിലെ വിമൽകുമാർ, ബൈജു എന്നിവരാണ് പരിശോധനയ്ക്ക് നേതൃത്വം നൽകുന്നത്. തിരുവനന്തപുരം പുരാവസ്തു ഡയറക്ടറേറ്റിലെ സൂപ്രണ്ടിങ് ആർക്കിയോളജിസ്റ്റ് സോന വ്യാഴാഴ്ച ഗുഹ പരിശോധിക്കും.