താമരശ്ശേരി: ക്ലാസുപരീക്ഷയ്‌ക്ക് കോപ്പിയടിച്ചെന്ന് ആരോപിച്ച് എട്ടാംക്ലാസ് വിദ്യാർഥിയെ അധ്യാപകൻ അടിച്ചുപരിക്കേൽപ്പിച്ചു. പൂനൂർ മർക്കസ് ഗാർഡൻ സ്‌കൂളിലാണ് സംഭവം. സ്‌കൂളിലെ ഹോസ്റ്റൽവാർഡനും മതപഠനക്ലാസിലെ അധ്യാപകനുമായ ശാദിൽനൂറാനിയുടെ പേരിൽ വിദ്യാർഥിയുടെ പരാതിപ്രകാരം താമരശ്ശേരി പോലീസ് കേസെടുത്തു.

തൃത്താല കുമാരനല്ലൂർ പടിഞ്ഞാറക്കണ്ടി ഇളയംപറമ്പിൽ ജാഫർസാദിഖിന്റെ മകൻ ജുമാൻ അഹമ്മദിനാണ് (13) പരിക്കേറ്റത്. കുട്ടിയുടെ ശരീരത്തിൽ വിവിധയിടങ്ങളിൽ ചൂരൽകൊണ്ടുള്ള അടിയേറ്റുതിണർത്ത പാടുകളുണ്ട്. പുറത്തും കാലിനും അടിക്കുകയും ചെവിക്കുപിടിച്ചുതിരുമ്മി പരിക്കേൽപ്പിക്കുകയും ചെയ്‌തെന്ന് കുട്ടി പോലീസിന് നൽകിയ പരാതിയിൽ പറയുന്നു.

തിങ്കളാഴ്ച ഉച്ചയോടെയാണ് സംഭവം. ക്ലാസുപരീക്ഷയിൽ കോപ്പിയടിച്ചെന്നു പറഞ്ഞായിരുന്നു മറ്റു കുട്ടികളുടെ മുമ്പിൽവച്ചുള്ള മർദനം. വിവരമറിഞ്ഞ് രാത്രി ഒമ്പതരയോടെ രക്ഷിതാക്കളെത്തി ഹോസ്റ്റലിൽനിന്ന് കുട്ടിയെ കൂട്ടി താമരശ്ശേരി പോലീസ് സ്‌റ്റേഷനിലെത്തുകയും താലൂക്കാശുപത്രിയിൽ ചികിത്സതേടുകയുമായിരുന്നു.

വിദ്യാർഥിയെ മർദിച്ചതിന് ഐ.പി.സി.341, 323, 324 വകുപ്പുകളും ജുവനൈൽ ജസ്റ്റിസ് ആക്ടിലെ 75-ാം വകുപ്പും ചുമത്തിയാണ് അധ്യാപകന്റെ പേരിൽ കേസെടുത്തത്. പോലീസ് വിദ്യാർഥിയെയുമായി സ്‌കൂളിലെത്തി തെളിവെടുപ്പുനടത്തി.

ആരോപണവിധേയനായ അധ്യാപകനെ സ്‌കൂളിൽനിന്ന്‌ സസ്‌പെൻഡ് ചെയ്തതായി പ്രിൻസിപ്പൽ നൗഫൽനൂറാനി അറിയിച്ചു.