താമരശ്ശേരി: നവീകരിക്കുന്ന താമരശ്ശേരി-ചുങ്കം മിനി ബൈപ്പാസിന്റെ ആരംഭഭാഗത്തെ ഇടുങ്ങിയ റോഡ് വീതികൂട്ടി നിർമിക്കാൻ വഴിതെളിയുന്നു. ഈ ഭാഗത്ത് ഇരുവശത്തും രണ്ടടിവീതം സ്ഥലം വിട്ടുനൽകാൻ കടയുടമകളുമായി ഏകദേശ ധാരണയായി. ഇതുപ്രകാരം ശനിയാഴ്ച സ്ഥലം അളന്ന് അതിരു തിരിക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് അസിസ്റ്റന്റ് എൻജിനിയർ പറഞ്ഞു.

രണ്ടുകോടി രൂപ ചെലവിൽ റോഡിന്റെ നവീകരണപ്രവൃത്തി നടന്നുവരികയാണ്. റോഡിന്റെ പല ഭാഗങ്ങളിലുമുള്ള കൈയേറ്റങ്ങൾ സർവേ നടത്തി ഒഴിവാക്കി, സ്ഥലം കൂട്ടിച്ചേർത്ത് വീതി കൂട്ടിയാണ് റോഡ് നിർമിക്കുന്നത്. പക്ഷേ, താമരശ്ശേരി ടൗണിൽനിന്ന് റോഡ് ആരംഭിക്കുന്ന ഭാഗത്ത് പഴയ സർവേ പ്രകാരം വീതി കുറവാണ്. ഇവിടെ കടയുടമകൾ വിട്ടുനൽകുന്ന സ്ഥലവുംകൂടി ചേർത്ത് വീതികൂട്ടി റോഡ് നിർമിക്കാനാണ് വഴി തെളിഞ്ഞത്.

നേരത്തെയുള്ള കുറഞ്ഞ വീതിയിൽ തന്നെ റോഡ് നിർമിക്കാനായിരുന്നു പൊതുമരാമത്ത് വകുപ്പ് ലക്ഷ്യമിട്ടത്. ഇതുപ്രകാരം റോഡിന്റെ അരികിൽ ഓവുചാൽ നിർമിക്കാൻ ചാല് കീറുന്ന പ്രവൃത്തി വെള്ളിയാഴ്ച രാവിലെ തുടങ്ങിയിരുന്നു. എന്നാൽ റോഡ് വീതികൂട്ടി നിർമിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാർ പ്രവൃത്തി തടഞ്ഞു. തുടർന്ന് വൈകിട്ട് കാരാട്ട് റസാഖ് എം.എൽ.എ. ഇടപെട്ട് നടത്തിയ ചർച്ചയിലാണ് ഇരുഭാഗത്തും സ്ഥലം വിട്ടുനൽകാൻ ധാരണയായത്. ഇവിടെ ഗ്രാമപ്പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിന്റെയും സ്ഥലം റോഡിനായി വിട്ടുനൽകും. ഈ കെട്ടിടത്തിന്റെ മുറികളുടെ ഷട്ടർ വരെയുള്ള വരാന്ത റോഡിനായി പൊളിക്കേണ്ടിവരും.

റോഡിൽ സ്ഥലം കൈയേറിയതായി കണ്ടെത്തിയ ഏതാനും ഭാഗങ്ങൾകൂടി വിട്ടുകിട്ടാനുണ്ട്. ഇത് വിട്ടുനൽകാൻ സ്ഥലമുടമകൾ സമ്മതിച്ചിട്ടുണ്ടെന്നും അടുത്തദിവസംതന്നെ ഇത് റോഡിന്റെ ഭാഗമാക്കിയെടുക്കുമെന്നും അസിസ്റ്റ് എൻജിനിയർ പറഞ്ഞു.