താമരശ്ശേരി: ക്രിമിനൽ നടപടിച്ചട്ടം 164 വകുപ്പ് പ്രകാരം മജിസ്‌ട്രേറ്റിന് മുമ്പാകെ തനിക്കെതിരേ രഹസ്യമൊഴി നൽകിയ സാക്ഷിയോട് കോടതിക്കകത്ത് സംസാരിച്ച് കൂടത്തായി കൊലപാതക പരമ്പരയിലെ മുഖ്യപ്രതി ജോളി. കൊല്ലപ്പെട്ട ടോം തോമസിന്റെ ബന്ധുവും കേസിലെ പ്രധാന സാക്ഷികളിലൊരാളുമായ പി.എച്ച്. ജോസഫ് ഹില്ലാരിയോസ് ആണ് റിമാൻഡ് പ്രതിയായ ജോളിയുമായി വനിതാ പോലീസിന്റെ സാന്നിധ്യത്തിൽ സംസാരിച്ചത്.
ജില്ലാ ജയിലിൽനിന്ന് കോടതിയിലെത്തിച്ച ജോളിയെ സാക്ഷിയുമായി സംസാരിക്കാൻ അനുവദിച്ചതിൽ അകമ്പടി പോയ സിറ്റിപോലീസ് സ്‌റ്റേഷൻ പരിധിയിലെ പോലീസുകാരുടെ ഭാഗത്ത് ഗുരുതര വീഴ്ചയുണ്ടായതായാണ് നിരീക്ഷണം. സ്തുത്യർഹമായ രീതിയിലെ അന്വേഷണത്തിനൊടുവിൽ പ്രതികളെ വലയിലാക്കിയ തങ്ങൾക്ക് അവമതിപ്പുണ്ടാക്കുന്നതാണ് ഈ നടപടിയെന്നാണ് അന്വേഷണസംഘത്തിന്റെ വിലയിരുത്തൽ. സംഭവവുമായി ബന്ധപ്പെട്ട് സിറ്റി പോലീസ് കമ്മിഷണറോട് റൂറൽ എസ്.പി കെ.ജി. സൈമൺ വിശദീകരണം തേടും.
സിലി വധക്കേസിൽ റിമാൻഡ് കാലാവധി നീട്ടുന്നതിനായി ജോളിയെ താമരശ്ശേരി ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതി (ഒന്ന്) യിൽ ഹാജരാക്കവേ ഇക്കഴിഞ്ഞ തിങ്കളാഴ്ചയാണ് സംഭവം. കൂടത്തായ് കൊലപാതക പരമ്പര ഇതിവൃത്തമാക്കി നിർമിക്കുന്ന സിനിമകളുടെയും സീരിയലുകളുടെയും നിർമാതാക്കൾക്കെതിരായ ഹർജി മുൻസിഫ് മജിസ്‌ട്രേറ്റ് കോടതി ആദ്യമായി പരിഗണിച്ചതും അന്നായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് സാക്ഷിയെ ക്രൈംബ്രാഞ്ച് ഓഫീസിലേക്ക് വിളിച്ചുവരുത്തി കോഴിക്കോട് റൂറൽ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി. ആർ. ഹരിദാസൻ ചോദ്യംചെയ്തു.
കടലക്കറിയിലും കുടിവെള്ളത്തിലും കലർന്ന സയനൈഡ് ഉള്ളിൽചെന്ന് 2011 സെപ്‌റ്റംബർ 30-ന് ജോളിയുടെ ഭർത്താവ് റോയ് തോമസ് കൊല്ലപ്പെട്ടപ്പോൾ ജോസഫ് ഹില്ലാരിയോസായിരുന്നു സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് കാണിച്ച് പോലീസിൽ പരാതിനൽകിയത്. തുടർന്നാണ് കോടഞ്ചേരി പോലീസ് അസ്വാഭാവികമരണത്തിന് കേസ് രജിസ്റ്റർ ചെയ്തതും ഇൻക്വസ്റ്റ് നടത്തിയതും. കൂടത്തായി കൊലപാതക പരമ്പരയുമായി ബന്ധപ്പെട്ട് പരേതരുടെ കല്ലറകൾ പൊളിക്കാൻ അന്വേഷണസംഘം തീരുമാനിച്ചപ്പോൾ നിയമസഹായം തേടി 2019 നവംബർ മൂന്നിനും കല്ലറ പൊളിച്ച നാലാംതീയതിയും അഭിഭാഷകൻ എം. അശോകനെ ജോളി കണ്ടപ്പോൾ ജോസ്, ഡോൺ ബോസ്‌കോ, ജോളിയുടെ മകൻ എന്നിവർക്കൊപ്പം ജോസഫും കൂടെയുണ്ടായിരുന്നു. അഭിഭാഷകനും ബന്ധുക്കൾക്കും മുമ്പാകെ ജോളി ഏറ്റുപറഞ്ഞത് സംബന്ധിച്ച് ജോസഫ് ഹില്ലാരിയോസ് മജിസ്‌ട്രേറ്റിന് മുന്നിൽ പിന്നീട് രഹസ്യമൊഴിയും നൽകി.
പിതാവിന്റെ സ്വത്ത് ഭാഗംവെച്ചതും മറ്റുമായി ബന്ധപ്പെട്ട് ജ്യേഷ്ഠൻ തോമസ് ഹില്ലാരിയോസ് നൽകിയ കേസിൽ ഹാജരാവാനാണ് താൻ കോടതിയിൽ എത്തിയതെന്നാണ് ജോസഫ് ചൊവ്വാഴ്ച നടന്ന ചോദ്യംചെയ്യലിൽ അറിയിച്ചത്. കോടതിയിൽ കണ്ടപ്പോൾ ജോളി തന്റെ സമീപത്തേക്ക് വരികയും കുടുംബത്തിലെ മറ്റുള്ളവർ തന്നെപ്പറ്റി എന്താണ് പറയുന്നതെന്ന് അന്വേഷിച്ചെന്നുമാണ് ജോസഫ് ഹില്ലാരിയോസ് ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പിക്ക് നൽകിയ വിശദീകരണം.