താമരശ്ശേരി : പുതുപ്പാടി ഗ്രാമപ്പഞ്ചായത്തിൽ ഒരാൾക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. നേരത്തേ കോവിഡ് സ്ഥിരീകരിച്ച മട്ടിക്കുന്ന് സ്വദേശിനിയുടെ ഭർത്താവിനാണ് സമ്പർക്കത്തിലൂടെ രോഗം പകർന്നത്.
കോഴിക്കോട് ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ കരൾസംബന്ധമായ അസുഖത്തിന് ചികിത്സയിലായിരിക്കെയാണ് ഇദ്ദേഹത്തിന് കോവിഡ് ബാധിച്ചിരിക്കുന്നത്. അതോടെ പുതുപ്പാടിയിൽ ഇതിനകം കോവിഡ് ബാധിച്ചവരുടെ എണ്ണം 29 ആയി.
രോഗവ്യാപനം തുടരുന്ന സാഹചര്യത്തിൽ മട്ടിക്കുന്ന് സ്വദേശിനിയുമായി സമ്പർക്കത്തിലുള്ളവർ, വിദേശങ്ങളിൽ നിന്നെത്തി ക്വാറന്റീനിൽ കഴിയുന്നവർ, കോവിഡ് രോഗലക്ഷണങ്ങൾ പ്രകടമാക്കുന്നവർ എന്നീ വിഭാഗങ്ങളിലായി അമ്പതുപേരുടെ സ്രവസാംപിളുകൾ വ്യാഴാഴ്ച ശേഖരിക്കും. പുതുപ്പാടി ഗവ. ഹൈസ്കൂളിൽ രാവിലെ 11 മണി മുതലാണ് ആർ.ടി.-പി.സി.ആർ. പരിശോധന നടക്കുക.