താമരശ്ശേരി: ക്ലാസ് മുറിയിൽ പാമ്പുകടിയേറ്റ വിദ്യാർഥിനിയുടെ ജീവൻ പൊലിഞ്ഞ ദുരന്തത്തിന്റെ മുറിവ് ഉണങ്ങുംമുമ്പ് സ്കൂളിൽ വെച്ച് കണ്ണിനു കുത്തേറ്റ വിദ്യാർഥിക്ക് ചികിത്സ വൈകി. പുതുപ്പാടി മണൽവയൽ എ.കെ.ടി.എം. എൽ.പി. സ്കൂളിലെ എൽ.കെ.ജി. വിദ്യാർഥി തൻവീർ അസ്‌ല(4)മാണ് കാഴ്ച തിരിച്ചുകിട്ടുമോയെന്ന് ഉറപ്പില്ലാതെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ളത്. സംഭവത്തിൽ ബാലാവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്തു.
തിങ്കളാഴ്ച ഉച്ചഭക്ഷണ സമയത്ത് ഒരു മണിയോടെയാണ് സഹപാഠിയുടെ പേനകൊണ്ട് പുതുപ്പാടി കല്ലടി കുന്നുമ്മൽ മുഹമ്മദ് സാലിഹ്-ലൈല ദമ്പതിമാരുടെ മകന് ഇടത്തേ കണ്ണിൽ കുത്തേറ്റത്. കൃഷ്ണമണിക്കു മധ്യത്തിലായി കുത്തേറ്റെങ്കിലും ചോര പൊടിയാതിരുന്നതോടെ ക്ലാസ് ടീച്ചർ സംഭവം ഗൗരവമായി എടുത്തില്ല. തുടർന്ന് വെള്ളംകൊണ്ട് കണ്ണ് കഴുകി. പിന്നീട് കണ്ണ് ചുവക്കുകയും വേദനിക്കുന്നെന്ന് കുട്ടി പറയുകയും ചെയ്തപ്പോഴാണ് കുട്ടിയുടെ അമ്മയെ രണ്ടരയോടെ ഫോണിൽ വിളിച്ച് കാര്യമറിയിച്ചത്.
സംഭവം നടന്ന് മൂന്നു മണിക്കൂറിനു ശേഷം തൻവീറിനെ സ്കൂട്ടറിൽ ഇരുത്തിയാണ് അമ്മ ലൈല ഈങ്ങാപ്പുഴയിലെ സ്വകാര്യ കണ്ണാശുപത്രിയിലേക്കു പോയത്. പരുക്ക് ഗുരുതരമെന്നു കണ്ടതോടെ വിദഗ്ധചികിത്സയ്ക്കായി കോഴിക്കോട് കോംട്രസ്റ്റ് നേത്രാശുപത്രിയിൽ പ്രവേശിപ്പിച്ചു.
തിങ്കളാഴ്ച വൈകീട്ട് ആറുമണിയോടെ കോംട്രസ്റ്റ് ആശുപത്രിയിലെത്തിച്ച തൻവീറിനെ ഡോ. സംഗീത രാജഗോപാലിന്റെ നേതൃത്വത്തിലുള്ള വിദഗ്ധസംഘം അടിയന്തര നേത്രശസ്ത്രക്രിയയ്ക്കു വിധേനാക്കി. കൃഷ്ണമണിയിലെ മുറിവ് തുന്നിച്ചേർത്തു. തിമിരത്തിന്റെ സ്തരം വന്ന് മൂടിയതിനാൽ തിമിരം നീക്കിയ ശേഷം വിദഗ്ധ പരിശോധന നടത്തേണ്ടതുണ്ട്. പഴുപ്പ് ബാധിക്കാതെ മുറിവ് പൂർണമായും മാറിയാേല കാഴ്ച തിരികെ ലഭിക്കൂവെന്നാണ് ഡോക്ടർമാർ പറയുന്നത്.
കാഴ്ച ഉറപ്പുപറയാനാവില്ല
കൃഷ്ണമണിയുടെ നടുക്ക് സങ്കീർണമായൊരു മുറിവുണ്ട്. മുറിവ് പരിഹരിച്ച് തുന്നിച്ചേർത്തു. ഇടതുകണ്ണിന്റെ കൃഷ്ണമണിക്ക് തിമിരം ബാധിച്ചിട്ടുണ്ട്. തിമിരം നീക്കിയ ശേഷം ഞരമ്പിന്റെ പരിശോധന നടത്തേണ്ടതുണ്ട്. പഴുപ്പ് വരാനുള്ള സാധ്യതയുണ്ട്. കാഴ്ച തിരികെ ലഭിക്കുന്നത് സംബന്ധിച്ച് ഉറപ്പുപറയാനാവില്ല.
-ഡോ. വി.എസ്. പ്രകാശ്, കോംട്രസ്റ്റ് മെഡിക്കൽ ഡയറക്ടർ
സംഭവമറിഞ്ഞത് ആശുപത്രിയിലാക്കിശേഷം
ഉച്ചഭക്ഷണത്തിന്റെ ഇടവേളയിലാണ് തൻവീറിന്റെ കണ്ണിനു പരുക്കേറ്റത്. ചോര പൊടിയുകയോ കുട്ടി കരയുകയോ ചെയ്യാതിരുന്നതിനാലാണ് അധ്യാപിക ഇക്കാര്യം ഗൗരവമായി എടുക്കാതിരുന്നത്. വേദനയുണ്ടെന്ന് തൻവീർ പറഞ്ഞപ്പോൾ മാത്രമാണ് കണ്ണിന്റെ അവസ്ഥ പൂർണമായി ശ്രദ്ധയിൽപ്പെട്ടത്. കുട്ടിയെ ആശുപത്രിയിലേക്കു കൊണ്ടുപോയ ശേഷം മാത്രമാണ് ഞാൻ സംഭവമറിയുന്നത്.
-പി. സക്കീർ, പ്രധാനാധ്യാപകൻ