കോഴിക്കോട്: അച്ഛന്റെ വിയോഗവ്യഥയിൽ അധ്യാപികയും കുടുംബവും കഴിഞ്ഞുകൂടിയത് അനിശ്ചിതത്വത്തിന്റെയും ആശങ്കയുടെയും ഒരു പകൽ. കോഴിക്കോട് ഈസ്റ്റ്ഹിൽ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ അധ്യാപിക ഷാനിക്കാണ് നിറമിഴികളോടെ ഒരു പകൽ ഫ്ളാറ്റിൽ കഴിയേണ്ടിവന്നത്. ശനിയാഴ്ച രാവിലെ ഒമ്പതിന് മരണവാർത്തയറിഞ്ഞിട്ടും വൈകീട്ട് ഏഴരയ്ക്കാണ് അവർക്കും കുടുംബത്തിനും നാട്ടിലേക്ക് പോകാനായത്. ഉള്ളിലൊതുക്കിയ തീവ്രവേദനയോടെ ശനിയാഴ്ച വൈകീട്ട് ജീവിതത്തിലാദ്യമായി പോലീസ്‌സ്റ്റേഷനിലും പോകേണ്ടിവന്നു.

ഷാനി ടീച്ചറിന്റെ ഭർത്താവ് അജിത്കുമാർ വയനാട്ടിൽ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥനാണ്. കൊറോണക്കാലത്ത് അവശ്യസേവനമായതിനാൽ ഹെൽത്ത് ഇൻസ്പെക്ടറായ അജിത്‌കുമാറിന് അവധിയില്ല. ഡ്യൂട്ടിയിലായിരുന്നു. രാവിലെ 9 മണിയോടെയാണ് കോട്ടയം ജില്ലയിലെ ഈരാറ്റുപേട്ടയിലുള്ള അച്ഛൻ ‘ഷാനിവാസി’ൽ അഹസ്കരപ്പണിക്കർ(88) മരിച്ചത്. പ്രഭാതഭക്ഷണം കഴിച്ചശേഷമുണ്ടായ നെഞ്ചുവേദനയെത്തുടർന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോകുമ്പോൾ മരിച്ചതായിരുന്നു. അമ്മ സേതുവും കൊച്ചുമക്കളും മാത്രമാണ് വീട്ടിലുള്ളത്.

മരണവിവരം അറിഞ്ഞതുമുതൽ നാട്ടിലേക്ക് പോകാനായി ടാക്സിവിളിക്കാൻ ശ്രമിച്ചെങ്കിലും ആരും ഓട്ടംപോകാൻ തയ്യാറായില്ല. ജന്മം നൽകിയ അച്ഛനെ അവസാനമായി കാണാനോ അന്തിമോപചാരമർപ്പിക്കാൻ പോലുേമാ ആവില്ലല്ലോ എന്നു കരുതി ടീച്ചർ വിതുമ്പി. ആസ്വസിപ്പിക്കാനാവാതെ മക്കളും. ടീച്ചർ പോയില്ലെങ്കിൽ അന്ത്യകർമങ്ങൾ മുടങ്ങും.

ടീച്ചറുടെ സഹോദരി ഷാഹിന കൊൽക്കത്തയിലാണ്. എത്ര ശ്രമിച്ചാലും എത്താനാവില്ല. സഹോദരൻ അഞ്ചുവർഷം മുമ്പ് മരിച്ചു. ഉടനെ വീട്ടിലെത്തേണ്ടത് അത്യാവശ്യമാണ്. പക്ഷേ, വഴികളൊന്നും തെളിയുന്നില്ല. വിവരം അറിഞ്ഞപ്പോൾ മുതൽ ശ്രമിച്ചതിനാൽ ഉച്ചയോടെ ഭർത്താവിന് അവധി കിട്ടി. തുടർന്ന് ബത്തേരി പോലീസ് സ്റ്റേഷനിൽ നിന്ന് യാത്രാരേഖ ശരിപ്പെടുത്തി. സ്കൂട്ടറിൽ വൈകുന്നേരത്തോടെ കോഴിക്കോട്ടേക്കു തിരിച്ചു. വഴിയിൽ നാലിടത്ത് പരിശോധനയുണ്ടായി.

സന്ധ്യയോടെ ഈസ്റ്റ്ഹിൽ ‘ഋതിക’ ഫ്ളാറ്റിലെത്തി. തുടർന്ന് നടക്കാവ് പോലീസ് സ്റ്റേഷനിൽ നിന്ന് ഈരാറ്റുപേട്ടയ്ക്ക് പോകാനുള്ള അനുമതിപത്രം വാങ്ങി. നിമിഷങ്ങൾക്കകം സി.ഐ. അഷറഫ് തെങ്ങലക്കണ്ടിയിൽ പ്രത്യേക അനുമതി പത്രം നൽകി. മക്കളായ അഭിജിത്തും സേതുലക്ഷ്മിയുമൊത്ത് പിന്നീട് കാറിൽ ഈരാറ്റുപേട്ടയിലേക്ക് യാത്രയാരംഭിച്ചു. അപ്പോൾ സമയം വൈകീട്ട് ഏഴര. നാലംഗ കുടുംബം വീർപ്പുമുട്ടലിൽ കഴിഞ്ഞ മണിക്കൂറുകൾക്ക് വിരാമം. ഞായറാഴ്ച രാവിലെ 11 മണിക്കാണ് അഹസ്കരപ്പണിക്കരുടെ ശവസംസ്കാരം നിശ്ചയിച്ചിട്ടുള്ളത്. 15 വർഷമായി ഷാനിയും കുടുംബവും കോഴിക്കോട്ടാണ് താമസിക്കുന്നത്.