വളയം: വളയം പോലീസ് സ്റ്റേഷനിൽ തെരുവുനായയുടെ ആക്രമണത്തിൽ വനിതാ പോലീസ്‌ ഉൾപ്പെടെ മൂന്നുപേർക്ക് കടിയേറ്റു. വളയം സ്റ്റേഷനിലെ വനിത സിവിൽ പോലീസ് ഓഫീസർ സുബിതയ്ക്കും (26) പരാതി നൽകാനെത്തിയ രണ്ടുപേർക്കുമാണ് കടിയേറ്റത്.

ബുധനാഴ്ച രാവിലെ പത്തുമണിയോടെയാണ് സംഭവം. സ്റ്റേഷൻ കോമ്പൗണ്ടിൽ കൂട്ടിയിട്ടിരുന്ന പൂഴിയിലും വാഹനങ്ങളിലും ഏതാനും തെരുവുനായകൾ തമ്പടിച്ചിരുന്നു. ഇതിൽ ഒരു നായ സ്റ്റേഷനിൽ നിൽക്കുകയായിരുന്ന പരാതിക്കാരിയെയും പോലീസ് ഉദ്യോഗസ്ഥയെയും ആക്രമിക്കുകയായിരുന്നു. ഇവരെ സ്റ്റേഷനിൽ കയറിയാണ് നായ കടിച്ചത്.

കഴിഞ്ഞ രണ്ടാഴ്ചക്കിടെ പതിനഞ്ചോളം പേരാണ് വളയത്തും മറ്റു പരിസരങ്ങളിലുമായി തെരുവുനായയുടെ കടിയേറ്റ് ചികിത്സയിലുള്ളത്. കഴിഞ്ഞദിവസം പെട്രോൾപമ്പിന് സമീപം വ്യാപാരിയെയും തെരുവുനായ ആക്രമിച്ച്‌ പരിക്കേൽപ്പിച്ചിരുന്നു.

വിഷ്ണുമംഗലം പാലത്തിനുസമീപം നായ വട്ടംചാടിയതിനെത്തുടർന്ന് ബൈക്ക് യാത്രികനായ യുവാവിനും വീണുപരിക്കേറ്റിരുന്നു. തെരുവുനായ്ക്കളുടെ ശല്യത്തിൽ അധികൃതർ യാതൊരു നടപടിയും സ്വീകരിക്കാതായതോടെ സ്വന്തംനിലയിൽ പരിഹാരംകാണാനുള്ള തെയ്യാറെടുപ്പിലാണ് നാട്ടുകാർ.