കോഴിക്കോട്: എറണാകുളത്തുനിന്ന് കോഴിക്കോട്ടേക്ക് മരുസാഗർ എക്സ്പ്രസിൽ യാത്രചെയ്യുന്നതിനിടയിൽ കല്ലേറിൽ യുവാവിന് തലയ്ക്ക് പരിക്കേറ്റു. കോഴിക്കോട് കാളൂർറോഡ് അരീക്കോട്ട് ഗിരീഷിനാണ് പരിക്കേറ്റത്. എറണാകുളത്തെ ബന്ധുവീട്ടിൽ പോയി തിരിച്ചുവരുമ്പോൾ വടക്കാഞ്ചേരിക്കും വെള്ളത്തോൾ നഗറിനും ഇടയിൽ മുള്ളൂർക്കരയിൽ രാത്രി 11-നാണ് കല്ലേറുണ്ടായത്.

ഭാര്യയും മക്കളും ഭാര്യാ സഹോദരിയും ഒപ്പമുണ്ടായിരുന്നു. പരിക്കേറ്റയുടനെ ഒപ്പമുണ്ടായിരുന്ന സഹയാത്രികർ ചെയിൻ വലിച്ചതിനാൽ ട്രെയിൻ നിർത്തി. ഉടനെ ഗാർഡും മെഡിക്കൽ സംഘവും സ്ഥലത്തെത്തി പരിശോധിച്ചു. ഗുരുതരമായ പരിക്കില്ലെന്ന് മെഡിക്കൽ സംഘം അറിയിച്ചതിനെത്തുടർന്ന് ട്രെയിനിൽ യാത്ര തടർന്നു. പിന്നീട് ,ഷൊർണൂരിൽ നിർത്തിയപ്പോൾ അവിടെനിന്ന് മെഡിക്കൽ സംഘം ഗിരീഷിനെ വീണ്ടും പരിശോധിച്ചു. കോഴിക്കോട്ടെത്തിയ ഉടൻതന്നെ ആംബുലൻസിൽ ബീച്ച് ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഇദ്ദേഹത്തിന്റെ തലയ്ക്ക് നാല് സ്റ്റിച്ചുണ്ട്.

പരിക്കുപറ്റുന്നതിന്റെ 10 മിനിറ്റ്‌ മുമ്പുവരെ മക്കളായിരുന്നു ജനലിന്റെ വശത്ത് ഇരുന്നിരുന്നത്. ട്രെയിനിൽ തിരക്കുണ്ടായപ്പോൾ മക്കളെ മാറ്റിയിരുത്തുകയായിരുന്നു. കുട്ടികളാണെങ്കിൽ വളരെ വലിയ പരിക്ക് പറ്റുമായിരുന്നെന്നും ഗിരീഷ് പറഞ്ഞു.

കരിങ്കല്ല്‌ ട്രെയിനിന്റെ ജനലിൽ തട്ടി പൊട്ടിയ കഷണമാണ് ഗിരീഷിന്റെ തലയ്ക്കു തട്ടിയത്. തലതാഴ്ത്തിയിരുന്നതുകൊണ്ട് കണ്ണിന് പരിക്കേറ്റിട്ടില്ല. തലയ്ക്കേറ്റ കല്ലിന്റെ ഭാഗം കോഴിക്കോട് ആർ.പി. എഫ് ഓഫീസിൽ ഏല്പിച്ചു.

സംഭവം നടന്നത് ഷൊർണൂർ പരിധിയിലാണെങ്കിലും തിങ്കളാഴ്ച ഉച്ചയോടെയാണ് കോഴിക്കോട് ആർ.പി.എഫ്. ഓഫീസിൽ പരാതി നൽകിയത്. കോഴിക്കോട്ടുനിന്ന് ഷൊർണൂർ റെയിൽവേ പോലീസിന് ഉടനെ കേസ് കൈമാറുമെന്ന് ആർ.പി.എഫ്. അറിയിച്ചതായി ഗിരീഷ് പറഞ്ഞു. ഗിരീഷ് കോട്ടപ്പറമ്പ് ശ്രീരാജ് ചിട്ട് ഫണ്ട്സിലെ ജീവനക്കാരനാണ്.

അഞ്ചുവർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റം

ട്രെയിനിലേക്ക് കല്ലെറിയുന്നത് അഞ്ചുവർഷംവരെ തടവുംപിഴയും ലഭിക്കാവുന്ന കുറ്റമാണ്. ഇത് കുറയ്ക്കാനായി ആർ.പി.എഫിന്റെ നേതൃത്വത്തിൽ ബോധവത്കരണ പരിപാടികൾ നടത്തും. ഇത്തരത്തിലുള്ള സംഭവങ്ങൾ ശ്രദ്ധയിൽപെട്ടാൽ റെയിവേ സെക്യൂരിറ്റി ഹെൽപ്പ് ലൈനായ 182 വിൽ ബന്ധപ്പെടാം.

മനോജ് കുമാർ

പാലക്കാട് ഡിവിഷണൽ സെക്യൂരിറ്റി കമ്മിഷണർ