എലത്തൂർ: വേഗനിയന്ത്രണം പാലിക്കാതെ സ്കൂൾ മേഖലയിലും സ്വകാര്യബസുകളുടെ മരണപ്പാച്ചിൽ. തിരുവങ്ങൂർ അണ്ടിക്കമ്പനിക്ക് സമീപം ചൊവ്വാഴ്ച രാവിലെ അപകടം ഉണ്ടാക്കിയ ബസ് അതിവേഗത്തിലായിരുന്നു സഞ്ചരിച്ചത്.

ഒരേ ദിശയിൽ പോയിക്കൊണ്ടിരുന്ന മറ്റ് വാഹനങ്ങളെ വെങ്ങളം ജങ്ഷൻ മുതൽ മറികടന്നാണ് ബസ് കുതിച്ചത്. എതിർദിശയിൽനിന്ന് വാഹനങ്ങൾ വന്നതോടെ വശം ചേർന്ന് പോവുകയായിരുന്ന ബൈക്കിനടുത്തേക്ക് ബസ് നീങ്ങുകയും ഇടിച്ചു തെറിപ്പിക്കുകയുമായിരുന്നു.ബൈക്ക് ഓടിച്ച ആൾ കഷ്ടിച്ച് രക്ഷപ്പെട്ടപ്പോൾ സഹയാത്രികൻ തത്‌ക്ഷണം മരിച്ചു. തിരുവങ്ങൂർ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികൾ ഉൾപ്പെടെയുള്ളവർ റോഡ് മുറിച്ചുകടക്കുന്ന മേഖലയിൽ ബസുകളുടെ ‘മരണപ്പാച്ചിൽ’ പതിവാണ്.

സ്പീഡ് ഗവേണർ വിച്ഛേദിച്ചോടുന്ന വാഹനങ്ങളും ഒട്ടേറേയുണ്ട്. സ്കൂൾ സമയങ്ങൾ നിയന്ത്രണമുള്ള ടിപ്പർ ലോറികളും പ്രധാന നിരത്തുകളിലൂടെ ചീറിപ്പായുന്നതും അപകടം ഉണ്ടാക്കുന്നുണ്ട്. കോവിഡ് അടച്ചിടൽ കാലത്ത് നിർത്തിവെച്ച ഡ്രൈവിങ്‌ പരീക്ഷകൾ നടത്തുന്നതിന് ആർ.ടി.ഒ. വിഭാഗം പ്രത്യേക ശ്രദ്ധ നൽകുന്നതിനാൽ പ്രധാന പാതകളിൽ വാഹനങ്ങളുടെ പരിശോധന നടക്കുന്നില്ല.

കഴിഞ്ഞ മൂന്ന് മാസത്തിനിടയിൽ 25 മരണം

കഴിഞ്ഞ മൂന്നുമാസങ്ങളിൽ കോഴിക്കോട് ആർ.ടി.ഒ. പരിധിയിൽ മാത്രം വാഹനാപകടങ്ങളിൽ 25 പേർ മരിച്ചു. ഒക്ടോബറിൽ മാത്രം 14 മരണമുണ്ടായി. ചെറുതും വലുതുമായ വാഹനങ്ങൾ അപകടത്തിൽപ്പെട്ടാണ് ഇത്രയും മരണം.