വടകര: അന്തരീക്ഷത്തിൽ പെട്രോളിന്റെ രൂക്ഷഗന്ധം മാത്രം, റോഡിലാകട്ടെ പെട്രോളിന്റെ ഒഴുക്കും. ഒരു തീപ്പൊരിമാത്രം അകലെ അപകടം പതിയിരുന്നപ്പോൾ വടകര വ്യാഴാഴ്ച തള്ളിനീക്കിയത് ആശങ്കയുടെ ആറുമണിക്കൂർ. അഞ്ചരയ്ക്ക് തുടങ്ങിയ ഭീതിയും ആശങ്കയും ആശ്വാസത്തിനു വഴിമാറിയത് 11.30 ഓടെയാണ്.

അപകടം നടന്ന സ്ഥലത്തിനു സമീപത്തായി ഒട്ടേറെ വീടുകളുണ്ട്. ഇഷ്ടംപോലെ സ്ഥാപനങ്ങളും. തൊട്ടരികെ ആശുപത്രി. പുലർച്ചെയായതിനാൽ സ്ഥാപനങ്ങളിലൊന്നും ആളില്ലെങ്കിലും സമീപത്തെ വീടുകളിലും ആശുപത്രിയിലും മാത്രം നൂറിലേറെ പേരുണ്ട്. അപകടസമയത്തുതന്നെ ഒരു തീപ്പൊരി ഉണ്ടായിരുന്നെങ്കിൽ പ്രദേശത്തെ മൊത്തം തീ വിഴുങ്ങുമായിരുന്നു. ലോറി മറിഞ്ഞതിന്റെ തൊട്ടുമുന്നിലുള്ള വീട്ടുകാർ വൻശബ്ദം കേട്ട് ഉണർന്നപ്പോൾ കണ്ടത് ലോറിയിൽനിന്ന് ഒലിച്ചിറങ്ങുന്ന പെട്രോളാണ്. ആശുപത്രിയിലും ഈ വാർത്തയെത്തി. കിടത്തിച്ചികിത്സയിലുള്ള ചില രോഗികൾ പരിഭ്രാന്തരായി ഡിസ്ച്ചാർജ് ആവശ്യപ്പെട്ടു. രണ്ടുപേർ നിർബന്ധിച്ച് ഡിസ്ച്ചാർജ് വാങ്ങിപ്പോവുകയും ചെയ്തു.

ആശുപത്രിക്ക് തൊട്ടുപിറകിലുള്ള പരവന്തല ഭാഗം ജനങ്ങൾ തിങ്ങിപ്പാർക്കുന്ന സ്ഥലമാണ്. അപകടം നടന്ന റോഡിന്റെ ഇടതുവശത്തും ഇതുതന്നെ സ്ഥിതി. ലോറിമറിഞ്ഞ് പെട്രോൾ ഒഴുകുന്ന വാർത്ത പെട്ടെന്നുതന്നെ ഇവിടങ്ങളിലെല്ലാമെത്തി. തീയും ഗ്യാസും ഉപയോഗിക്കരുതെന്ന നിർദേശം വരുന്നതിനു മുമ്പെതന്നെ പലരും ഇത് പാലിച്ചു. വൈദ്യുതി ഉപയോഗിക്കരുതെന്ന് ആശുപത്രിക്ക് നിർദേശമെത്തി. പിന്നാലെ വൈദ്യുതിബന്ധം വിച്ഛേദിച്ചു. പിന്നെ സ്ഥിതിഗതികൾ നിയന്ത്രണവിധേയമാകുംവരെ ജനറേറ്ററിലാണ് ആശുപത്രി പ്രവർത്തിച്ചത്.

നേരം വെളുത്തതോടെ നാടിന്റെ പലഭാഗങ്ങളിൽ നിന്നും ജനം ബൈപ്പാസിലേക്ക് എത്താൻ തുടങ്ങി. ഇതോടെ പോലീസ് റോഡിന്റെ രണ്ടുഭാഗത്തും വടംകെട്ടി ജനത്തെ മാറ്റിനിർത്തി. എന്നിട്ടും ജനം തള്ളിക്കയറിവന്നതോടെ ഡിവൈ.എസ്.പി പ്രിൻസ് അബ്രഹാം കർശനമായി ഇടപെട്ട് എല്ലാവരെയും മാറ്റി. മൊബൈൽ ഫോണിൽ ചിത്രമെടുക്കുന്നത് വിലക്കി. ടാങ്കറിന്റെ സമീപത്തുനിന്ന് ഫോൺവിളിക്കുന്നതും തടഞ്ഞു.