മേപ്പയ്യൂർ: കീഴരിയൂർ, നടുവത്തൂർ ഭാഗങ്ങളിലേക്ക് വെള്ളമൊഴുകുന്ന കുറ്റ്യാടി ജലസേചന പദ്ധതിയുടെ ഭാഗമായുള്ള കനാലിന് ഒരുകൂട്ടം ചെറുപ്പക്കാരുടെ രാത്രി കാവൽ. ഇരിങ്ങത്ത് കുഴിമ്പിലുന്തിന് സമീപമുള്ള ഷട്ടറിനാണ് നടുവത്തൂരിലെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ മൂന്നു ദിവസം രാത്രി കാവൽനിന്നത്.

നടുവത്തൂരിലെ മണ്ണാടിമ്മൽ, കോയിത്തുമ്മൽ, തിരുമംഗലത്ത്‌താഴ പ്രദേശവാസികൾ രൂക്ഷമായ കുടിവെള്ള ക്ഷാമമാണ് ഇത്തവണ നേരിട്ടത്. കനാൽവെള്ളമായിരുന്നു ഇവർക്ക് വേനൽകാലത്ത് ആശ്വാസമാവാറുള്ളത്. ഇത്തവണ കനാൽവെള്ളമെത്താൻ വൈകിയതോടെ മുന്നൂറോളം കുടുംബങ്ങളാണ് ദുരുതത്തിലായത്. പ്രദേശത്തെ കിണറുകളെല്ലാം വറ്റിവരണ്ടു. മണ്ണാടി, ഈന്തൻകണ്ടി മീത്തൽ ജലനിധി പദ്ധതികൾ, കുനിപ്രമല കുടിവെള്ള പദ്ധതി എന്നിവയുടെ പമ്പിങ്ങും നിർത്തിവെച്ചിരുന്നു.

കുഴിമ്പിലുന്തിലെ ഷട്ടർവഴിയാണ് നടുവത്തൂർ ഭാഗത്തേക്കുള്ള നീരൊഴുക്ക് നിയന്ത്രിക്കുന്നത്. മൂന്നുദിവസം നടുവത്തൂരിലേക്കും നാലുദിവസം തോലേരിയിലേക്കും വെള്ളം തിരിച്ചുവിടുകയാണ് പതിവ്.

സാമൂഹികദ്രോഹികൾ ഷട്ടർ തകർത്തതാണ് നടുവത്തൂർ ഭാഗത്തുള്ളവർക്ക് വിനയായത്. ഇതോടെ വെള്ളം മുഴുവൻ, താഴ്ന്ന പ്രദേശമായ തോലേരിയിലേക്ക് ഒഴുകി.

ശനിയാഴ്ചയാണ് അധികൃതർ ഷട്ടർ പുനഃസ്ഥാപിച്ചത്. ഇതോടെ കീഴരിയൂർ ഭാഗത്തേക്ക് നീരൊഴുക്ക് തുടങ്ങി. ശനി, ഞായർ, തിങ്കൾ ദിവസങ്ങളിൽ രാത്രി യൂത്ത് കോൺഗ്രസുകാർ ഷട്ടറിന് കാവലിരുന്നു.

നടുവത്തൂരിൽ ഇതുവരെയും വെള്ളമെത്തിയിട്ടില്ല. തൊഴിലുറപ്പ് തൊഴിലാളികളും ജനകീയ കൂട്ടായ്മയും ചേർന്ന് ചൊവ്വാഴ്ച കാലത്ത് മുതൽ ഈ ഭാഗത്തെ കനാൽ ശുചീകരിക്കും. രണ്ടുദിവസംകൊണ്ട് ജലക്ഷാമത്തിന് പരിഹാരമാവുമെന്നാണ് പ്രദേശവാസികളുടെ പ്രതീക്ഷ.