തീവണ്ടിയാത്രക്കാരിയെ കൊള്ളയടിച്ച മലയാളിയുവാവ് പിടിയിൽകോഴിക്കോട് : തീവണ്ടിയാത്രക്കാരിയെ ആക്രമിച്ച് കവർച്ച നടത്തിയ മലയാളിയുവാവ് അറസ്റ്റിൽ. മലപ്പുറം താനാളൂർ വേങ്ങപറമ്പിൽ സുദർശൻ (25) ആണ് റെയിൽവേ പ്രൊട്ടക്‌ഷൻ ഫോഴ്‌സിന്റെ പിടിയിലായത്.

ചെന്നൈ-തിരുവനന്തപുരം എക്സ്പ്രസിൽ ശനിയാഴ്ച പുലർച്ചെ തൊട്ടിയപാളയം-പെരുന്തുറൈ റെയിൽവേ സ്റ്റേഷനിടയിലായിരുന്നു കവർച്ച നടന്നത്. ഭിന്നശേഷിക്കാർക്കുള്ള തീവണ്ടി കോച്ചിലെ കോയമ്പത്തൂർ സ്വദേശിയായ യുവതിയാണ് ആക്രമണത്തിനും കവർച്ചയ്ക്കും ഇരയായത്. മോഷണശേഷം ചെയിൻ വലിച്ചു വണ്ടിനിർത്തി മോഷ്ടാവ് രക്ഷപ്പെടുകയായിരുന്നു. പിടിവലിക്കിടയിൽ യാത്രക്കാരിയുടെ തലയ്ക്ക് പരിക്കേറ്റു.

ആറരപ്പവൻ മാല, മൊബൈൽ ഫോൺ, ഹാൻഡ്‌ ബാഗ്, രണ്ട് സ്വർണനാണയങ്ങൾ, 5000 രൂപ എന്നിവയാണ് മോഷ്ടിച്ചത്. യുവതിയിൽനിന്ന് കവർന്നവ ഉൾപ്പെടെ ഒട്ടേറെ മോഷണമുതലുകൾ ഇയാളിൽനിന്ന് അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെടുത്തു.

ആർ.പി.എഫ്. എസ്.ഐ. പെരിയസ്വാമിയുടെ നേതൃത്വത്തിൽ 26 അംഗ പ്രത്യേക അന്വേഷണസംഘമാണ് ഇയാളെ ഈറോഡുള്ള കരിമ്പിൻതോട്ടത്തിൽവെച്ച് അറസ്റ്റുചെയ്തത്.