വേളം: മടപ്പള്ളി ഗവ. കോളജ് എൻ.എസ്.എസ്. വിദ്യാർഥികൾ സന്നദ്ധപ്രവർത്തനം കാരുണ്യ പ്രവർത്തനമാക്കി. വേളം ഗ്രാമപ്പഞ്ചായത്ത് ബഡ്സ് സ്കൂൾ വിദ്യാർഥിയായ കാപ്പുമലയിലെ കാപ്പുമ്മൽ അശ്വനിയുടെ വീട്ടിലേക്ക് കുട്ടികൾ റോഡ് വെട്ടിത്തെളിച്ച് ഗതാഗതയോഗ്യമാക്കിയാണ് മാതൃകയായത്.

ചെറുകുന്ന് ഗവ. യു.പി. സ്കൂളിൽ നടന്നുവരുന്ന ക്യാമ്പിന്റെ ഭാഗമായാണ് നൂറോളം കുട്ടികൾ പ്രയാസങ്ങളെ അർപ്പണബോധത്തോടെ നേരിട്ടു കൊണ്ട് മാതൃകാ പ്രവർത്തനം നടത്തിയത്. കാപ്പുമല വാട്ടർ അതോറിറ്റി റോഡ് മുതൽ അശ്വിനിയുടെ വീടുവരെയാണ് റോഡ് ഉണ്ടാക്കിയത്.

സന്നദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി പ്രളയാനന്തരം പഞ്ചായത്തിലെ അടിവയൽ പാടശേഖരം വീണ്ടും പച്ചപ്പണിയുമ്പോൾ ഉയരുന്ന കർഷകരുടെ ജീവിത താളത്തിനൊപ്പം ചേരാനും എൻ.എസ്.എസ്. വിദ്യാർഥികൾക്ക് കഴിഞ്ഞു. അടിവയൽ പാടശേഖരത്ത് പുനർകൃഷിയിൽ കൈത്താങ്ങായി കുട്ടികൾ മുഴുവനും കർഷകർക്കൊപ്പം ചേർന്നപ്പോൾ അത് നാഷണൽ സർവീസ് സ്കീമിന്റെ നല്ല മനസ്സും നല്ല പാഠവുമായി.

സേവന സന്നദ്ധ പ്രവർത്തനങ്ങൾക്ക് വാർഡ് അംഗം കെ.കെ. മനോജൻ, എ. സബീഷ്, പ്രോഗ്രാം ഓഫീസർമാരായ അജ്മൽ തയ്യുള്ളതിൽ, എ.കെ. ദീപ, എൻ.എസ്.എസ്. സെക്രട്ടറിമാരായ കെ.എസ്. അഭിഷേക്, വിപിൻ ബാബു, എസ്. സ്നേഹ, എ.കെ. നീതു തുടങ്ങിയവർ നേതൃത്വം നൽകി. വാർഡ് അംഗം നെല്ലിക്കുന്നുമ്മൽ അമ്മദ് ഹാജി, ടി.കെ. ദാമോദരൻ, എൻ.കെ. ദിനേശൻ, തലപറമ്പിൽ ഗംഗാധരൻ തുടങ്ങിയവർ കൃഷിയറിവുകൾ കുട്ടികൾക്ക് പകർന്നുനൽകി