കോഴിക്കോട്: വിദ്വൽസദസ്സിന്റെ ഓർമകൾ ഉണർത്തി തളി ഗുരുവായൂരപ്പൻ ഹാളിൽ നടന്ന പ്രൗ‍ഢഗംഭീരമായ ചടങ്ങിൽ രേവതിപട്ടത്താന പുരസ്കാരങ്ങൾ സമ്മാനിച്ചു. കൃഷ്ണഗീതി പുരസ്‌കാരം പയ്യന്നൂർ സ്വദേശി മധു ആലപ്പടമ്പിനും ക്ഷേത്രകലാകാരപുരസ്‌കാരം ഗുരുവായൂർ എം. വാസുദേവൻ നമ്പൂതിരിക്കും ഡോ. എം.കെ. മുനീർ എം.എൽ.എ സമർപ്പിച്ചു. 15,001 രൂപയും പ്രശസ്തിപത്രവും കൃഷ്ണശിലയും അടങ്ങുന്നതാണ് പുരസ്‌കാരം.

‘മനോരമ തമ്പുരാട്ടി’ പുരസ്‌കാരം കൊടുങ്ങല്ലൂർ വിവേകാനന്ദകേന്ദ്ര വേദിക് വിഷൻ ഫൗണ്ടേഷൻ ചെയർപേഴ്‌സൺ ഡോ. എം. ലക്ഷ്മികുമാരിക്ക് സാമൂതിരി കെ.സി. ഉണ്ണിയനുജൻ രാജ സമ്മാനിച്ചു. 10,001 രൂപയും പ്രശസ്തിപത്രവും കൃഷ്ണശിലയും അടങ്ങുന്നതാണ് പുരസ്‌കാരം.

സമാപനച്ചടങ്ങിൽ എം.കെ. രാഘവൻ എം.പി. മുഖ്യാതിഥിയായി. പൈതൃകപാരമ്പര്യമുള്ള രേവതിപട്ടത്താനം നിലനിർത്താൻ സാംസ്‌കാരികവകുപ്പ് മുന്നിട്ടിറങ്ങണമെന്നും ഏഴുദിവസം നീണ്ടുനിൽക്കുന്ന സദസ്സ് നടത്താൻ ട്രസ്റ്റ് രൂപവത്കരിക്കണമെന്നും എം.പി. അഭിപ്രായപ്പെട്ടു.

മനസ്സിലുള്ള ഉച്ചനീചത്വങ്ങളെ എടുത്തുകളയുന്ന സദസ്സാണ് രേവതിപട്ടത്താനമെന്ന് എം.കെ. മുനീർ എം.എൽ.എ വ്യക്തമാക്കി.

രേവതിപട്ടത്താന സമിതി സെക്രട്ടറി ടി.ആർ. രാമവർമ, ബാലകൃഷ്ണ ഏറാടി, കെ.ബി. മോഹൻദാസ്, പി.സി. രഞ്ജിത്ത് രാജ, പി.കെ. പ്രദീപ് കുമാർ രാജ, വിവേക് രാജ, പി.സി. മധുരാജ്, കെ.സി. ഗോകുലപാലൻ എന്നിവർ സംസാരിച്ചു. സംസ്‌കൃതവിജയികൾക്കുള്ള പുരസ്‌കാരവിതരണവും നടന്നു.