Bismi

കാതോലിക്കാ ബാവയോടൊപ്പമുള്ള ഫോട്ടോയുമായി ഫാത്തിമ ബിസ്മിയും
അനുഗ്രഹും

കോഴിക്കോട് : സ്നേഹംതുളുമ്പുന്ന ചിരിയോടെ അനുഗ്രഹിനെയും ഫാത്തിമ ബിസ്മിയെയും ചേർത്തുനിർത്താൻ ‘സ്നേഹവീഥി' താണ്ടി ഇനി കാതോലിക്കാ ബാവ വരില്ല. തിരുമേനി ചൊരിഞ്ഞ സ്നേഹം ഇനി ഇല്ലെന്ന് വിശ്വസിക്കാൻ ഈ കുഞ്ഞുങ്ങൾക്കൊട്ട് കഴിഞ്ഞിട്ടുമില്ല.

പറമ്പിൽക്കടവ് എം.എ.എം.യു.പി. സ്കൂളിലെ ഭിന്നശേഷിയുള്ള എം.എം. അനുഗ്രഹിന് കരുതലായത് സഹപാഠി ഫാത്തിമ ബിസ്മിയായിരുന്നു. ആ സ്നേഹത്തിന്റെ വലുപ്പം തിരിച്ചറിഞ്ഞാണ് പരിശുദ്ധ ബസേലിയോസ് മാർത്തോമ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവ കുട്ടികളെ കാണാൻവേണ്ടി മാത്രം 2018-ൽ കോഴിക്കോട്ടെ വീട്ടിലെത്തിയത്.

‘‘അന്ന് കുട്ടികളെ കാണാൻവേണ്ടി മാത്രമാണ് തിരുമേനി വന്നത്. പിന്നീട് ദേവലോകം അരമനയിൽ പോയി. പരുമല കാൻസർ സെന്ററിന്റെ ഉദ്ഘാടനത്തിനും ഞങ്ങളെ വിളിച്ചു’’-ബിസ്മിയുടെ പിതാവ് മുഹമ്മദാലി പറഞ്ഞു. സ്കൂളിലെ അധ്യാപകൻ പി. രജീഷ് കുമാറിലൂടെ കുട്ടികളും തിരുമേനിയും പിന്നെയും വിശേഷങ്ങൾ പങ്കിട്ടു.

അനുഗ്രഹിനും ബിസ്മിക്കും വേണ്ട സഹായങ്ങളെല്ലാം കാതോലിക്കാ ബാവ ചെയ്തു. ജപ്തി ഭീഷണിയിലാണ് അനുഗ്രഹും കുടുംബവും എന്നറിഞ്ഞപ്പോൾ അദ്ദേഹം ബാങ്കിൽ തുകയടച്ച് വീടിന്റെ ആധാരം തിരിച്ചെടുത്തു. കക്കോടി കിഴക്കുംമുറിയിലാണ് അനുഗ്രഹിന്റെ വീട്. കുറച്ചകലെ ബിസ്മിയുടെ വീടും. ഇപ്പോൾ പയമ്പ്ര സ്കൂളിൽ പത്താംതരം പരീക്ഷ കഴിഞ്ഞിരിക്കുകയാണ് ഇരുവരും. സ്കൂളില്ലെങ്കിലും അനുഗ്രഹിനോട് മിണ്ടിപ്പറഞ്ഞിരിക്കാൻ ബിസ്മിയെത്തും. ‘‘കുഞ്ഞുങ്ങളുടെ സ്നേഹത്തിന് മുന്നിൽ ഞാൻ കുട്ടിയാണെന്നാണ് തിരുമേനി അന്ന് പറഞ്ഞത്. അദ്ദേഹത്തെ കാണാൻ പോകണമെന്നാഗ്രഹിച്ചിരുന്നു’’-അനുഗ്രഹിന്റെ മാതാപിതാക്കളായ സുധയും മണികണ്ഠനും പറഞ്ഞു.

മൂന്ന് വർഷം മുമ്പ് ഏപ്രിൽ 27-ന് ബാവ വന്നപ്പോഴായിരുന്നു അനുഗ്രഹിന്റെ വീട്ടിലേക്കെത്തുന്ന റോഡിന്റെ പണി സ്നേഹതീരം റെസിഡന്റ്‌സ് അസോസിയേഷൻ തുടങ്ങിയത്. പണി ഉദ്ഘാടനം ചെയ്ത് കാതോലിക്കാ ബാവ പാതയ്ക്ക് പേരിട്ടു, സ്നേഹവീഥി. പൂർത്തിയാകുമ്പോൾ ഉദ്ഘാടനത്തിനെത്താമെന്ന് ഉറപ്പ് നൽകിയാണ് അദ്ദേഹം മടങ്ങിയത്.

Content Highlight:  Remembering Baselios Marthoma Paulose II