രാമനാട്ടുകര: ധനകാര്യസ്ഥാപനത്തിലെ കളക്‌ഷൻ ഏജന്റിന്റെ മുഖത്ത് ബൈക്കിലെത്തിയ സംഘം മുളകുപൊടി വിതറി 60000 രൂപ തട്ടിയെടുത്തെന്ന് പരാതി. ചെറക്കാംകുന്നിൽ പ്രവർത്തിക്കുന്ന ഭാരത് ഫിനാൻസ് ഇൻക്ലൂഷൻ ലിമിറ്റഡിലെ കലക്‌ഷൻ ഏജന്റ് പൂനൂർ സ്വദേശി അനന്ദുവിനെയാണ് (20) ആക്രമിച്ച് പണം തട്ടിയെടുത്തത്. തിങ്കളാഴ്ച രാത്രി 8.30-നാണ് സംഭവം. സ്ഥാപനത്തിലേക്കായി പിരിച്ചെടുത്ത പണവുമായി ബൈക്കിൽ വരികയായിരുന്ന അനന്ദുവിനെ രാമനാട്ടുകര ബസ്‌സ്റ്റാൻഡിന് പിൻവശത്തുവെച്ച് ബൈക്കിലെത്തിയ മൂവർ സംഘം വിലങ്ങിട്ടു. സംഘത്തിലെ ഒരാൾ മുളകുപൊടി വിതറുകയും ബാഗ് തട്ടിപ്പറിച്ച് പണമെടുക്കുകയും ചെയ്തു.
തുടർന്ന് ബാഗിലുണ്ടായിരുന്ന ടാബെടുത്ത് ആനന്ദിന്റെ തലയ്ക്കടിച്ചു. ഇടിയുടെ ആഘാതത്തിൽ ആനന്ദ് നിലത്തുവീണതോടെ അക്രമികൾ രക്ഷപ്പെട്ടു. അനന്ദുവിനെ ചുങ്കത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ ഇയാൾ പോലീസിനു നൽകിയ മൊഴിയിൽ വൈരുധ്യമുണ്ടെന്നും സൂചനയുണ്ട്.
ഇതേ സ്ഥാപനത്തിൽ കഴിഞ്ഞവർഷം ജൂൺ ഏഴിനും സമാനരീതിയിലുള്ള മോഷണശ്രമം നടന്നിരുന്നു. അന്ന് ബൈക്കിൽ വരികയായിരുന്ന കലക്‌ഷൻ ഏജന്റുമാരുടെ ബൈക്ക് പാറമ്മൽ റോഡിലേക്ക് പ്രവേശിക്കുന്ന ഇടവഴിയിൽവെച്ച് മറ്റൊരു ബൈക്കിലെത്തിയ സംഘം തടഞ്ഞുനിർത്തുകയും മുളകുപൊടി വിതറി ബാഗ് തട്ടിയെടുക്കുകയും ചെയ്തിരുന്നു. അന്ന് കലക്‌ഷൻ ഏജന്റുമാരുടെ ടാബ്, ബയോമെട്രിക് സിസ്റ്റം, രേഖകൾ എന്നിവയാണ് നഷ്ടപ്പെട്ടിരുന്നത്. രണ്ടു സംഭവം നടക്കുമ്പോഴും റോഡിൽ വേറെ ആളുകളില്ലായിരുന്നു. ഫറോക്ക് സ്റ്റേഷൻ പ്രിൻസിപ്പൽ എസ്.ഐ. എം.കെ. അനിൽകുമാർ, എസ്.ഐ.മാരായ എം.സി. ബരീഷ്, എൻ. സുബൈർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി.
content highlights: Ramanattukara snatching, robbery