രാമനാട്ടുകര: ചതിക്കുഴിയൊരുക്കി വാഹനങ്ങളെ കെണിയിലാക്കിയ ദേശീയപാതാ ബൈപ്പാസിലെ അറപ്പുഴ പാലത്തിന് ശാപമോക്ഷം. പാലത്തിലെ പൊട്ടിപ്പൊളിഞ്ഞ ഉപരിതലം കുഴികളടച്ച് ഗതാഗതയോഗ്യമാക്കി. ഒറ്റദിവസംകൊണ്ട്‌ പണിപൂർത്തീകരിച്ചെങ്കിലും ആ ഇത്തിരിനേരം കൊണ്ട് ജനങ്ങളനുഭവിച്ച ദുരിതത്തിന് കണക്കില്ല.

പണിനടക്കുന്നനേരം പാലത്തിലെ ഗതാഗതം നിയന്ത്രിച്ചതാണ് ജനത്തിന്‌ ദുരിതമായത്. ഗതാഗതം സ്തംഭിച്ചതോടെ വാഹനങ്ങൾ മറ്റുവഴികളിലൂടെ തിരിച്ചുവിട്ടു. രാമനാട്ടുകര നിസരി ജങ്ഷൻ, നിർമാണത്തിലിരിക്കുന്ന രാമനാട്ടുകര മേൽപ്പാലം ജങ്ഷൻ, പന്തീരാങ്കാവ് ജങ്ഷൻ എന്നിവിടങ്ങളിൽനിന്ന്‌ വാഹനങ്ങൾ പോലീസ് തിരിച്ചുവിട്ടുവെങ്കിലും കാര്യമുണ്ടായില്ല. എല്ലാ പ്രധാന വഴികളിലൂടെയും ഊടുവഴികളിലൂടെയും വാഹനമെത്തിയതോടെ നഗരത്തിൽനിന്ന് രാമനാട്ടുകര ഭാഗത്തേക്കുള്ള ഗതാഗതം നിശ്ചലമായ അവസ്ഥയിലെത്തി.

പകൽസമയത്ത് പാലത്തിന്റെ അറ്റകുറ്റപ്പണി നടത്തിയതാണ് ദുരിതത്തിന്‌ കാരണമായത്. അറപ്പുഴ പാലത്തിന്റെ സ്പാനുകളുടെ കോൺക്രീറ്റിനുമുകളിലെ ടാറിങ് അടർന്നാണ് പാലത്തിലാകെ വാരിക്കുഴികളായത്. ബൈപ്പാസ് റോഡിലൂടെ അതിവേഗത്തിലെത്തുന്ന വാഹനങ്ങൾ പാലത്തിൽ പ്രവേശിച്ചശേഷമാണ് വാരിക്കുഴികൾ കാണുന്നത്. ഇതുകണ്ട്‌ വാഹനം പെട്ടെന്ന്‌ ബ്രേക്കിടുന്നത്‌ അപകടങ്ങൾക്കും ഗതാഗതക്കുരുക്കിനും ഇടയാക്കുന്നുവെന്നും ഉടൻ അറ്റകുറ്റപ്പണി നടത്തണമെന്നും നിരവധിതവണ ‘മാതൃഭൂമി’ വാർത്ത നൽകിയിരുന്നു. തുടർന്ന് ഉടൻ ഗതാഗതയോഗ്യമാക്കാനുള്ള പ്രവൃത്തികളാരംഭിക്കുമെന്ന് ദേശീയപാതാ അതോറിറ്റി അസിസ്റ്റന്റ് എക്സിക്യുട്ടീവ് എൻജിനീയർ സി.പി. ബൈജു ‘മാതൃഭൂമി’യോട്‌ പറഞ്ഞിരുന്നു.

പാലത്തിന്റെ കോൺക്രീറ്റിനുമുകളിലെ ടാറിങ് പൊളിച്ചുമാറ്റി പുനർനിർമിക്കാൻ ഫണ്ട് പാസാക്കി മൂന്നുതവണ ടെൻഡർ വിളിച്ചെങ്കിലും പണി ഏറ്റെടുക്കാൻ ആളെത്താത്തതിനാൽ ആ പദ്ധതി നടന്നില്ല. തുടർന്നാണ് അറ്റകുറ്റപ്പണി നടത്തി താത്കാലികമായി ഗതാഗതയോഗ്യമാക്കാൻ തീരുമാനിച്ചത്. അധികൃതരുടെ കണ്ണുതുറപ്പിക്കാൻ കോഴിക്കോട് സിറ്റി സോൺ കേരള ടാക്സി ഡ്രൈവേഴ്‌സ് ഓർഗനൈസേഷൻ ധർണ നടത്തുകയും പാലത്തിന്റെ ഇരു പ്രവേശനകവാടങ്ങളിലും ബോർഡുകൾ സ്ഥാപിക്കുകയും ചെയ്തിരുന്നു. നഗരത്തിലേക്കും കോഴിക്കോട് മെഡിക്കൽ കോളേജ്, കാലിക്കറ്റ് എയർപോർട്ട്, ശബരിമല എന്നിവിടങ്ങളിലേക്കുള്ള യാത്രയ്ക്കും കൂടുതൽ യാത്രക്കാർ ആശ്രയിക്കുന്ന പാതയാണിത്. അറ്റകുറ്റപ്പണികൾക്ക് എക്സിക്യുട്ടീവ് എൻജിനീയർ കെ. വിനയരാജ്, അസിസ്റ്റന്റ് എക്സിക്യുട്ടീവ് എൻജിനീയർ സി.പി. ബൈജു, അസിസ്റ്റന്റ് എൻജിനീയർ കെ. തുഷാര എന്നിവർ നേതൃത്വം നൽകി.