അത്തോളി: പ്ലാസ്റ്റിക് മാലിന്യങ്ങളോട് പോരാട്ടംകുറിച്ച വിമുക്തഭടനായ യുവാവിന് നാട്ടിൽ വിശ്രമമില്ല. മാസങ്ങൾക്കുമുമ്പ് ഭൂഗർഭത്തിൽ അടക്കംചെയ്ത ലോഡുകണക്കിന് പ്ലാസ്റ്റിക് മാലിന്യം പുറത്തെടുത്ത് മണ്ണിനെ പ്ലാസ്റ്റിക് മുക്തമാക്കുന്ന ശ്രമകരമായ പ്രവൃത്തിയിലായിരുന്നു പുത്തഞ്ചേരിയിലെ കനിയാനി രജീഷ്.

ഇത്തവണ രജീഷ് കാതോർത്തത് സ്വന്തംപുഴയുടെ കരച്ചിലിനാണ്. പ്രളയംകഴിഞ്ഞ് വെള്ളമിറങ്ങിയ പുത്തഞ്ചേരിപ്പുഴയോരം രജീഷിനെ തെല്ലൊന്നുമല്ല വേദനിപ്പിച്ചത്. പ്ലാസ്റ്റിക് കുപ്പികളും ആശുപത്രികളിൽനിന്നുള്ള ഗ്ലൂക്കോസ് ബോട്ടിലുകളുംകൊണ്ട് പുഴയോരം പുതഞ്ഞുകിടക്കുകയായിരുന്നു. കണ്ടൽചെടികളെ വരിഞ്ഞുമുറുക്കിക്കിടന്ന പ്ലാസ്റ്റിക് കുഴലുകൾ ! കാലുകളിൽ കുത്തിക്കേറാൻ മലർന്നുകിടക്കുന്ന ഇഞ്ചക്‌ഷൻ സൂചികളോടുകൂടിയ സിറിഞ്ചുകൂമ്പാരങ്ങൾ.

കണയങ്കോടുപാലവും കടന്ന് കോരപ്പുഴ, അഴിമുഖത്തേക്ക് മാറാപ്പിലാക്കി ഒഴുകിയതത്രയും പുത്തഞ്ചേരി പൊയിൽകടവ് താഴത്ത് തള്ളിനീക്കി കടന്നുപോയിരിക്കുകയാണ്. അണഞ്ഞുപോകാത്ത പഴയ സൈനികവീര്യത്തോടെ രജീഷ് കൊച്ചുവള്ളവുമായി പുഴയിലേക്കിറങ്ങി. കുപ്പികൾ ഒാരോന്നായി പെറുക്കിയെടുത്തു. നിറഞ്ഞ വള്ളവുമായി പലതവണ കരയോടടുത്തു. രജീഷിനെ അറിയാവുന്ന ചില കൂട്ടുകാർ അപ്പോഴേക്കും സഹായികളായി എത്തി. കോറോത്ത്കുനി മനോജ്, കക്കാട്ട് സുര, വീട്ടിക്കണ്ടി ഇമ്പിച്ചി, എളങ്ങോട്ടുമ്മൽ ബാബു, ശ്യാംജിത്ത് എന്നിവർ.

അവരുടെ ‘ഓപ്പറേഷൻ പുഴക്കടവി’ൽ പുഴയോരം പുതുശ്വാസമെടുത്തു. പ്ലാസ്റ്റിക് കുപ്പികളും സഞ്ചികളും ഇഞ്ചക്‌ഷൻ സിറിഞ്ചുകളുമായി ഒന്നരലോഡാളം അജൈവസ്തുക്കളാണ് ഇവർ കരയ്ക്കെത്തിച്ചത്. ഗ്ലൂക്കോസ് കുപ്പികളും സിറിഞ്ചുകളും ട്യൂബുകളുമടങ്ങിയ ആശുപത്രിമാലിന്യങ്ങൾ ചാക്കുകളോടെതന്നെ പുഴയിൽ ഉപേക്ഷിക്കപ്പെട്ടതാണ്. കണയങ്കോട് പാലത്തിന്‌ മുകളിൽനിന്ന് ഇതെല്ലാം പുഴയിലേക്ക് വലിച്ചെറിയാനുള്ള സൗകര്യമാണ് സാമൂഹികദ്രോഹികൾ ഉപയോഗപ്പെടുത്തുന്നതെന്ന് രജീഷ് പറയുന്നു.

ഇവയെല്ലാം വൃത്തിയാക്കി വേർതിരിച്ച് ഇനി വേങ്ങേരി ‘നിറവു’ പോലുള്ള കേന്ദ്രങ്ങളിൽ എത്തിക്കണം. എന്തായാലും ഇപ്പോൾ ഏകനല്ലെന്നുള്ള ആത്മവിശ്വാസമുണ്ട് രജീഷിന്. പതിനേഴുവർഷത്തെ സൈനികസേവനത്തിനുശേഷം നാട്ടിൽ തിരിച്ചെത്തിയപ്പോഴുള്ള ഒറ്റപ്പെടൽ ഇപ്പോഴില്ല. ആത്മവിശ്വാസം പകർന്ന് തന്റെ ‘ബറ്റാലിയനി’ലേക്ക് പുതിയ റിക്രൂട്ട്മെന്റ് ഉണ്ടാവുന്നുണ്ട്. കുട്ടികളും അമ്മമാരും യുവാക്കളുമടങ്ങിയ ഒരു പ്രകൃതിസംരക്ഷണസേന രൂപവത്കരിക്കാനുള്ള തയ്യാറെടുപ്പിലാണ് രജീഷ്.