കല്പറ്റ: എ.ഐ.സി.സി. അധ്യക്ഷൻ രാഹുൽ ഗാന്ധി 17-ന് വീണ്ടും വയനാട്ടിലെത്തും. നേരത്തേ നാമനിർദേശപത്രിക നൽകാനെത്തിയ അദ്ദേഹം കല്പറ്റയിൽ റോ‍ഡ്ഷോ നടത്തിയിരുന്നു. 17-ന് മുഴുവൻ മണ്ഡലത്തിൽ ചെലവഴിക്കുന്ന അദ്ദേഹം വിവിധകേന്ദ്രങ്ങളിൽ തന്റെ പ്രചാരണയോഗങ്ങളിൽ സംസാരിക്കും.

വയനാട് ജില്ലയിൽ സുൽത്താൻബത്തേരിയിലാവും അദ്ദേഹത്തിന്റെ പൊതുയോഗം. തിരുനെല്ലിക്ഷേത്രവും അദ്ദേഹം സന്ദർശിച്ചേക്കും. കഴിഞ്ഞതവണ ക്ഷേത്രദർശനത്തിന് അദ്ദേഹം താത്പര്യം പ്രകടിപ്പിച്ചിരുന്നെങ്കിലും എസ്.പി.ജി. അനുമതി നൽകിയിരുന്നില്ല. മണ്ഡലത്തിൽ ഉൾപ്പെടുന്ന മലപ്പുറം, കോഴിക്കോട് ജില്ലകളിലെ നിയമസഭാമണ്ഡലങ്ങളിൽ നാലിടത്താവും അദ്ദേഹം എത്തുക.

സഹോദരന് വോട്ടുതേടാൻ എ.ഐ.സി.സി. ജനറൽ സെക്രട്ടറി പ്രിയങ്കാഗാന്ധി രണ്ടുദിവസം വയനാട് മണ്ഡലത്തിൽ ചെലവഴിക്കും. 20, 21 തീയതികളിലാവും പ്രിയങ്ക എത്തുക. വയനാട് ജില്ലയിൽ മാനന്തവാടിയിലും മലപ്പുറത്തെ ഏറനാടും അവർ പ്രസംഗിക്കും. രാഹുൽ എത്താത്ത സ്ഥലങ്ങളിലാവും പ്രിയങ്കയെത്തുക. ആദിവാസികോളനികൾ സന്ദർശിക്കുന്ന അവർ വിദ്യാർഥികൾ, യുവാക്കൾ തുടങ്ങി വിവിധ തുറകളിലുള്ളവരുമായി സംവദിക്കും. രണ്ടുപേരുടെയും പരിപാടികൾക്ക് എ.ഐ.സി.സി. അന്തിമരൂപം നൽകിയിട്ടില്ല.

പഞ്ചാബ്‌ മന്ത്രിയും മുൻ ക്രിക്കറ്റ്‌ താരവുമായ നവജ്യോത് സിങ്ങ്‌ സിദ്ദു 15-ന്‌ മണ്ഡലത്തിൽ പ്രചാരണ പരിപാടികളിൽ പങ്കെടുക്കും. ഗുലാംനബി ആസാദ്‌, സച്ചിൻ പൈലറ്റ്‌, ജ്യോതിരാദിത്യ സിന്ധ്യ, ഖുശ്‌ബു എന്നിവരും രാഹുലിന് വോട്ടുചോദിക്കാനെത്തും.

രാഹുൽ ഗാന്ധിക്ക്‌ വോട്ടഭ്യർഥിക്കാൻ മുതിർന്ന സംസ്ഥാന നേതാക്കളും എം.എൽ.എ.മാരും ബൂത്തുകളിൽ പര്യടനം തുടങ്ങി. സ്ഥാനാർഥിയുടെ പര്യടന പരിപാടിക്ക് പകരമായാണിത്. യു.ഡി.എഫ്‌ എം.എൽ.എമാരുള്ള മണ്ഡലങ്ങളിൽ അതത്‌ എം.എൽ.എമാരും മറ്റിടങ്ങളിൽ മുതിർന്ന സംസ്ഥാന നേതാക്കളും പര്യടനം നയിക്കും. എം.എൽ.എ.മാരായ ഐ.സി. ബാലകൃഷ്ണൻ, എ.പി അനിൽകുമാർ, പി.കെ. ബഷീർ എന്നിവർ അവരവരുടെ മണ്ഡലങ്ങളിൽ ജാഥ നയിക്കും.

ആര്യാടൻ മുഹമ്മദ്‌, എം.കെ. മുനീർ, പി.സി. വിഷ്‌ണുനാഥ്‌, സണ്ണി ജോസഫ്‌, റോജി എം. ജോൺ, സി. മോയിൻകുട്ടി, കെ.സി.ജോസഫ്‌, വി.ഡി. സതീശൻ, ജോസഫ്‌ വാഴക്കൻ, എ.പി. അബ്ദുള്ളക്കുട്ടി, തിരുവഞ്ചൂർ രാധാകൃഷ്ണൻ, അനൂപ്‌ ജേക്കബ്‌, ടി. സിദ്ദിഖ്‌, ഫാത്തിമ റോഷ്‌ന തുടങ്ങിയവരാണ് മറ്റിടങ്ങളിൽ പര്യടനം നയിക്കുക.

പ്രചാരണ സമാപനദിവസങ്ങളിൽ കെ.പി.സി.സി. പ്രസിഡന്റ്‌ മുല്ലപ്പള്ളി രാമചന്ദ്രൻ, പ്രതിപക്ഷനേതാവ്‌ രമേശ്‌ ചെന്നിത്തല, മുസ്‌ലിം ലീഗ്‌ സംസ്ഥാന പ്രസിഡന്റ്‌ ഹൈദരലി ശിഹാബ്‌ തങ്ങൾ, എ.ഐ.സി.സി. ജനറൽ സെക്രട്ടറിമാരായ ഉമ്മൻചാണ്ടി, കെ.സി. വേണുഗോപാൽ, മുസ്‌ലിം ലീഗ്‌ ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി, കേരള കോൺഗ്രസ്‌ നേതാക്കളായ പി.ജെ. ജോസഫ്‌, ജോസ്‌ കെ. മാണി എന്നിവരുടെ റോഡ്‌ഷോയും ഉണ്ടാകും.

Content Highlights; Rahul gandhi, 2019 Lok sabha election, wayanad lok sabha constituency