കായക്കൊടി: ജനാധിപത്യം, മതേതരത്വം, ജുഡീഷ്യറി സംവിധാനങ്ങളെയാകെ തകിടംമറിച്ച് വർഗീയത ആളിക്കത്തിച്ച് വീണ്ടും അധികാരത്തിലെത്താനാണ് ആർ.എസ്.എസ്. പിന്തുണയോടെ മോദിസർക്കാർ ശ്രമിക്കുന്നതെന്ന് സി.പി.എം. മുൻ ദേശീയ ജനറൽ സെക്രട്ടറി പ്രകാശ് കാരാട്ട്. സ്വാതന്ത്ര്യസമരത്തിൽ ഒരു സംഭാവനയും നൽകാത്ത ആർ.എസ്.എസ്. ഭരണഘടനപോലും അട്ടിമറിക്കാൻ മോദിസർക്കാരിന് ഒത്താശ ചെയ്യുകയാണെന്നും കായക്കൊടിയിൽ എൽ.ഡി.എഫ്. തിരഞ്ഞെടുപ്പു റാലി ഉദ്ഘാടനം ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു.

കർഷകരുടെ താത്പര്യ സംരക്ഷണത്തിനോ തൊഴിലില്ലായ്മ പരിഹരിക്കുന്നതിനോ ബി.ജെ.പി. സർക്കാർ ഒന്നുംചെയ്തില്ല. കർഷകർക്ക് വാഗ്ദാനം ചെയ്ത താങ്ങുവില, വർഷത്തിൽ രണ്ടുകോടി തൊഴിലവസരം എന്നീ പ്രഖ്യാപനങ്ങളൊക്കെ പാഴ്വാക്കായി. തൊഴിലില്ലായ്മ ഭീകരമായതോതിൽ വർധിച്ചു. ഇതിനെതിരേ സമരം ചെയ്‌ത്‌ ജനമനഃസാക്ഷി ഉണർത്തേണ്ടത് മുഖ്യപ്രതിപക്ഷമായ കോൺഗ്രസാണ്. പക്ഷേ, ഇവയോടൊക്കെ സന്ധിചെയ്യുന്ന സമീപനമാണ് അവർ കൈക്കൊള്ളുന്നത്.

രാജ്യത്തെ വിഴുങ്ങുന്ന ഇരുട്ടിൽനിന്ന്‌ ജനാധിപത്യ മതേതര മൂല്യങ്ങൾ സംരക്ഷിക്കാൻ ഇടതുപക്ഷ പ്രസ്ഥാനങ്ങൾക്കു മാത്രമേ കഴിയൂ. ഫാസിസ്റ്റ് ശക്തിയായ ബി.ജെ.പിക്കെതിരേ കേരളത്തിലും, ത്രിപുരയിലും നേർപോരാട്ടത്തിലുള്ളത് സി.പി.എം. മാത്രമാണ്. ഡസൻകണക്കിന് നേതാക്കളാണ് കോൺഗ്രസ്‌വിട്ട് ബി.ജെ.പി.യിലേക്ക് ചേക്കേറുന്നത്. മഹാരാഷ്ട്രയിലെ പ്രതിപക്ഷനേതാവ് അടുത്തിടെ ബി.ജെ.പി.യിൽ ചേർന്നു. ഇദ്ദേഹത്തിന്റെ മകൻ നേരത്തേതന്നെ ബി.ജെ.പി.യിലേക്ക് പോയിരുന്നു. ഈ സാഹചര്യത്തിൽ കോൺഗ്രസ് സ്ഥാനാർഥികളെ എന്ത് വിശ്വാസത്തിൽ നമുക്ക് തിരഞ്ഞെടുത്ത അയക്കാനാവുമെന്നും പ്രകാശ് കാരാട്ട് ചോദിച്ചു.

ജനാധിപത്യത്തിൽ േയാജിപ്പിനും വിയോജിപ്പിനും അവസരമുണ്ടെന്നിരിക്കെ എതിർശബ്ദങ്ങൾ ബി.ജെ.പി. ഇഷ്ടപ്പെടുന്നില്ലെന്ന് എൽ.ജെ.ഡി. സംസ്ഥാന അധ്യക്ഷൻ എം.വി. ശ്രേയാംസ്‌കുമാർ പറഞ്ഞു. ഹിറ്റ്‌ലറുടെ അതേ ഏകാധിപത്യനയമാണ് മോദിയും നടപ്പാക്കുന്നത്. ബി.ജെ.പി.ക്കാരല്ലാത്തവരുടെ സമ്മതിദാനാവകാശംപോലും നിഷേധിക്കുന്ന നടപടികളാണുണ്ടാവുന്നത്. വടകരയിലെ എൽ.ഡി.എഫ്. സ്ഥാനാർഥി പി. ജയരാജൻ അക്രമത്തിന്‌ ഇരയായ വ്യക്തിയാണ്. എന്നാൽ, അദ്ദേഹത്തെ അക്രമകാരിയായി ചിത്രീകരിച്ചുള്ള തിരഞ്ഞെടുപ്പ് പ്രചാരണമാണ് യു.ഡി.എഫ്. നടത്തുന്നതെന്നും ശ്രേയാംസ്‌കുമാർ പറഞ്ഞു.

ഇ.കെ. വിജയൻ എം.എൽ.എ അധ്യക്ഷനായി. സി.കെ. നാണു എം.എൽ.എ., എ.എൻ. ഷംസീർ എം.എൽ.എ., എൻ.കെ. അബ്ദുൾ അസീസ്, എം.കെ. ശശി, മുക്കം മുഹമ്മദ്, കെ.കെ. ദിനേശൻ, പി. ഗവാസ്, പി. ബിജു, കെ. കൃഷ്ണൻ, കരിമ്പിൽ ദിവാകരൻ എന്നിവർ സംസാരിച്ചു.

Kozhikode; prakash karat, 2019 lok sabha election