തിരുവമ്പാടി: തിരുവമ്പാടി, കൂടരഞ്ഞി പഞ്ചായത്തുകളിലെ മിക്കയിടങ്ങളിലും പോളിങ് കൃത്യസമയത്ത് പൂർത്തിയാക്കാനായില്ല. രാത്രി എട്ടുമണിയോടെയാണ് പലയിടത്തും വോട്ടെടുപ്പ് പൂർത്തിയായത്. ആറുമണിക്ക് പോളിങ് സമയം അവസാനിക്കുമ്പോൾ 200 പേർ വരെ വോട്ടുചെയ്യാൻ ബാക്കിയുള്ള ബൂത്തുകളുണ്ടായിരുന്നു.

വരിയിലുള്ള എല്ലാവർക്കും ടോക്കൺ നൽകിയാണ് വോട്ടെടുപ്പ് പൂർത്തിയാക്കിയത്. എല്ലാ ബൂത്തുകളിലും 75-80 ശതമാനം പോളിങ് രേഖപ്പെടുത്തി. പലയിടത്തും രാവിലെത്തന്നെ വോട്ടിങ് യന്ത്രങ്ങൾ തകരാറിലായത് വോട്ടർമാരെ ബുദ്ധിമുട്ടിലാക്കി.

കൂമ്പാറ ഗവ. ട്രൈബൽ സ്‌കൂളിലെ 9-ാം നമ്പർ ബൂത്തിൽ രാവിലെത്തന്നെ വി.വി. പാറ്റ് യന്ത്രം തകരാറായി. ഉദ്യോഗസ്ഥർ ഉടൻ സ്ഥലത്തെത്തി തകരാർ പരിഹരിച്ചു. ഒരു മണിക്കൂറോളം ഇതുമൂലം വോട്ടെടുപ്പ് നിർത്തിവെച്ചു. കൂടരഞ്ഞി സെയ്ന്റ് സെബാസ്റ്റ്യൻസ് ഹയർ സെക്കൻഡറി സ്‌കൂളിലെ 8-ാം നമ്പർ ബൂത്തിലും ഇതേ പ്രശ്‌നമുണ്ടായി. ഇവിടെ രണ്ടുമണിക്കൂറോളും പോളിങ് നിർത്തിവെച്ചു.

തിരുവമ്പാടി സേക്രഡ് ഹാർട്ട് യു.പി. സ്‌കൂളിലെ 7-ാം നമ്പർ ബൂത്തിൽ മൂന്നുതവണ യന്ത്രം പണിമുടക്കി. തുടർച്ചയായി പോളിങ് തടസ്സപ്പെട്ടത് വോട്ടർമാരുടെ പ്രതിഷേധത്തിനിടയാക്കി. 60 പേർ വോട്ടുചെയ്യാതെ മടങ്ങിപ്പോയി. ആറുമണിക്ക് ഇവിടെ 140 പേർ വോട്ടുചെയ്യാൻ ബാക്കിയുണ്ടായിരുന്നു. രാത്രി എട്ടരയോടെയാണ് വോട്ടെടുപ്പ് പൂർത്തിയായത്. തിരുവമ്പാടി ഹയർ സെക്കൻഡറി സ്‌കൂളിലെ മൂന്ന്‌ ബൂത്തുകളിൽ രണ്ടിലും വോട്ടെടുപ്പ് പൂർത്തിയായത് രാത്രിയാണ്.

ആനക്കാംപൊയിലിലെ 6-ാം നമ്പർ ബൂത്തിലും മുത്തപ്പൻപുഴയിലെ 63 നമ്പർ ബൂത്തിലും ഏഴുമണിക്കാണ് പോളിങ് അവസാനിച്ചത്. മാവോവാദി സാന്നിധ്യമേഖലയായതിനാൽ രണ്ടിടത്തും പ്രത്യേക സുരക്ഷയൊരുക്കിയിരുന്നു. ആനക്കാംപൊയിലിൽ രാവിലെ യന്ത്രത്തകരാറുമൂലം ഒരുമണിക്കൂർ വൈകിയാണ് തുടങ്ങിയത്. തൊണ്ടിമ്മൽ ജി.എൽ.പി. സ്‌കൂളിലെ 82, 83 ബൂത്തുകളിൽ പോളിങ് എട്ടുമണിവരെ നീണ്ടു. ഇവിടെ രണ്ട് ബൂത്തുകളിലും 80 ശതമാനത്തിന് മുകളിൽ വോട്ടിങ് രേഖപ്പെടുത്തി.

Content Highlights: Polling till night, 2019 Loksabha Elections