വടകര: വില്യാപ്പള്ളി പഞ്ചായത്തിലെ വിവിധ വാർഡുകളിൽനിന്ന് ശേഖരിച്ച പ്ലാസ്റ്റിക് മാലിന്യങ്ങൾ റോഡരികിൽ കൂട്ടിയിടുന്നത് പരിസരവാസികൾക്ക് ദുരിതമാകുന്നു.

കൃത്യമായ ആസൂത്രണമില്ലാതെ പ്ലാസ്റ്റിക് മാലിന്യം ശേഖരിച്ചതാണ് വിനയായത്. പലയിടങ്ങളിലും രണ്ടുമാസത്തിലേറെയായി മാലിന്യം കൂട്ടിയിട്ട നിലയിലാണ്. ഈ മാലിന്യത്തിന്റെ ഇടയിലേക്ക് കല്യാണവീടുകളിൽനിന്നുള്ള ഭക്ഷണാവശിഷ്ടങ്ങൾ ഉൾപ്പെടെയുള്ള മാലിന്യങ്ങൾ തള്ളുന്നത് പതിവായി. ഇതാണ് പരിസരവാസികൾക്ക് ദുരിതം തീർക്കുന്നത്.

പ്രളയത്തിനുശേഷം പഞ്ചായത്തിന്റെ നേതൃത്വത്തിൽ പൊതുസ്ഥലങ്ങളിലെയും ജലാശയങ്ങളിലെയും പ്ലാസ്റ്റിക് മാലിന്യങ്ങളും മറ്റും നീക്കംചെയ്യാൻ പദ്ധതി ആവിഷ്കരിച്ചിരുന്നു. എന്നാൽ, പൊതുസ്ഥലങ്ങളിലെ മാലിന്യത്തിനുപകരം പലരും വീടുകളിലെയും മറ്റും മാലിന്യമാണ് നീക്കിയത്. ഇത് ചാക്കുകളിലാക്കി റോഡരികിലും മറ്റും അട്ടിവെച്ചു. ഇത്തരത്തിലുള്ള മാലിന്യങ്ങളാണ് പലയിടങ്ങളിലും കെട്ടിക്കിടക്കുന്നത്. ദിവസങ്ങളോളം ഇവ ഇവിടെ കിടന്നതോടെ ഇത് ദുരിതമാകാൻ തുടങ്ങി. ഇത്രയുംമാലിന്യം പഞ്ചായത്ത് പ്രതീക്ഷിച്ചിരുന്നില്ല. ഇതുകൊണ്ടുതന്നെ ഇവ നിശ്ചിതസമയത്തിനുള്ളിൽ കയറ്റിയയക്കാനും സാധിച്ചില്ല. ചല്ലിവയലിൽ ബസ് സ്റ്റോപ്പിനോടുചേർന്നാണ് ഒരു ലോഡിലേറെ മാലിന്യം കൂട്ടിയിട്ടിരിക്കുന്നത്.

ഒട്ടേറെ കച്ചവടസ്ഥാപനങ്ങളും മറ്റും സ്ഥിതിചെയ്യുന്ന സ്ഥലമാണിത്. ഇൗ മാലിന്യക്കൂമ്പാരത്തിലേക്കാണ് കല്യാണവീടുകളിൽനിന്നുള്ള ഭക്ഷണാവശിഷ്ടങ്ങൾവരെ തള്ളിയത്. ഇത്തരത്തിൽ പഞ്ചായത്തിലെ മറ്റുകേന്ദ്രങ്ങളിലും ജൈവമാലിന്യങ്ങൾ തള്ളുന്നുണ്ട്.

പഞ്ചായത്തിന്റെ നേതൃത്വത്തിലുള്ള ഹരിതസേനാംഗങ്ങൾ വീടുകൾ കയറി വൃത്തിയാക്കിയ പ്ലാസ്റ്റിക് സഞ്ചികളും മറ്റ് അജൈവമാലിന്യങ്ങളും ശേഖരിക്കുന്നുണ്ട്. ഇതിനിടെയാണ് ഈ രീതിയിലുള്ള മാലിന്യശേഖരണം നടത്തിയതും പഞ്ചായത്തിന് തലവേദനയായതും. മാലിന്യം കയറ്റി അയക്കാതെ റോഡരികിൽ സൂക്ഷിക്കുന്നതിനെതിരേ വ്യാപകമായ പരാതികൾ ഉയർന്നിട്ടുണ്ട്. 13 ലോഡ് മാലിന്യം കയറ്റിയയച്ചിട്ടുണ്ടെന്നും ആറുലോഡ് മാലിന്യം ഇനി ബാക്കിയുണ്ടെന്നും പഞ്ചായത്ത് അധികൃതർ അറിയിച്ചു. ഇവ കയറ്റി അയക്കാൻ ക്വട്ടേഷൻ ക്ഷണിച്ചിട്ടുണ്ട്.