പേരാമ്പ്ര : തുടർച്ചയായി പെയ്തമഴയിൽ മലയോരമേഖലയിലെ പുഴകൾ ബുധനാഴ്ച വൈകീട്ട് നിറഞ്ഞൊഴുകി. ചക്കിട്ടപാറ പഞ്ചായത്തിലെ പൂഴിത്തോട്, ചെമ്പനോട വഴി ഒഴുകുന്ന കടന്തറ പുഴ കലങ്ങിമറിഞ്ഞാണ് ഒഴുകിയത്.

പെരുവണ്ണാമൂഴി-ചെമ്പനോട റോഡിലെ ഫോറസ്റ്റ് ഓഫീസിന് സമീപമുളള ഓനിപ്പുഴയിൽ പാലത്തിനോട് ചേർന്നാണ് വെള്ളം ഒഴുകിയത്. പുഴയിൽ വെള്ളംകയറാൻ സാധ്യതയുളള മേഖലയിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും മാറിത്താമസിക്കണമെന്നും ജനപ്രതിനിധികളും റവന്യൂ ഉദ്യോഗസ്ഥരും ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കക്കയം, കരിയാത്തുംപാറ മേഖലയിലും ബുധനാഴ്ച ഉച്ചമുതൽ കനത്ത മഴയുണ്ടായി. കരിയാത്തുംപാറ പുഴയും നിറഞ്ഞൊഴുകി. ചെറുപുഴകളിലെല്ലാം ജലനിരപ്പ് ഉയർന്നതോടെ കുറ്റ്യാടിപ്പുഴയിലും വെള്ളമേറി.