പേരാമ്പ്ര: കല്ലോട് കൈപ്രം റോഡിൽ ബി.ജെ.പി. പ്രവർത്തകന്റെ വീടിനുനേരെ ആക്രമണം. കുന്നത്ത് കുനിയിൽ കുഞ്ഞിരാമന്റെ വീടാണ് ഞായറാഴ്ച രാത്രി ഒൻപത് മണിയോടെ അക്രമിച്ചത്. ഇദ്ദേഹത്തിന്റെ മകൻ ബി.ജെ.പി. പ്രവർത്തകനാണ്. ബൈക്കുകളിലെത്തിയ നാലംഗ സംഘമാണു അക്രമം നടത്തിയതെന്നു വീട്ടുകാർ പറഞ്ഞു. വീടിന്റെ അകവും പുറവും തകർന്ന നിലയിലാണ്. വീട്ടുകാരെ വടിവാൾ ഉപയോഗിച്ചു വെട്ടിപ്പരിക്കേൽപ്പിക്കാനും ശ്രമം നടന്നതായി പറയുന്നു. മുറിയിൽ കയറി വാതിൽ അടച്ചാണു വീട്ടുകാർ അക്രമികളിൽനിന്ന്‌ രക്ഷപ്പെട്ടത്.

കഴിഞ്ഞ ദിവസം സി.പി.എം. ജില്ലാ സെക്രട്ടറി പി. മോഹനന്റെ മകനും മരുമകൾക്കും നേരെ ആക്രമണം നടത്തിയവരുടെ സംഘത്തിൽ കുഞ്ഞിരാമന്റെ മകനും ഉൾപ്പെട്ടിട്ടുണ്ടെന്ന ആരോപണത്തിന്റെ അടിസ്ഥാനത്തിലാണു ആക്രമണമെന്നു സംശയിക്കുന്നു. പേരാമ്പ്ര പോലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി.