പേരാമ്പ്ര: പഞ്ചായത്തിന്റെ കാർഷിക വിപണന സമുച്ചയ നിർമാണവുമായി ബന്ധപ്പെട്ട പരാതിയുമായി കരാറുകാർ വീണ്ടും ഹൈക്കോടതിയെ സമീപിച്ചു. ആദ്യ കരാറിലെ പ്രവർത്തി പൂർത്തീകരിക്കുംമുമ്പ് പുതിയ കരാർ നടത്തുന്നതിനെതിരേയും ഒന്നര കോടിയോളം രൂപ കിട്ടാത്തതും ചൂണ്ടിക്കാട്ടിയാണ് കേസ് നൽകിയതെന്ന് കരാറുകാരുടെ പ്രതിനിധികൾ പറഞ്ഞു.

8.90 കോടിയുടെ പ്രവൃത്തികളാണ് കാർഷിക വിപണന സമുച്ചയത്തിനായി ആദ്യം ടെൻഡർ നടന്നത്.

ഇതിൽ നടന്ന 7.90 കോടിയുടെ പ്രവർത്തി ഒഴികെ ശേഷിക്കുന്നത് അവസാനഘട്ട പ്രവർത്തികൾക്കൊപ്പം ഉൾപ്പെടുത്തുകയാണ് ചെയ്തിട്ടുള്ളത്. നേരത്തേയുള്ളതിൽനിന്ന് ചില പ്രവൃത്തികൾ ഒഴിവാക്കുകയും ചില കാര്യങ്ങൾ അധികമായി ഉൾപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ഈ പ്രവൃത്തികൾ വീണ്ടും ടെൻഡർ നടത്തി ചെയ്യാൻ ഒരുങ്ങുന്നതിന്റെ പശ്ചാത്തലത്തിലാണ് കരാറുകാർ കോടതിയെ സമീപിച്ചതെന്നാണ് സൂചന.

കെട്ടിടം പൂർത്തീകരണത്തിനായി 2.64 കോടിയുടെ പ്രവൃത്തികൾ നടക്കണമെന്നാണ് പഞ്ചായത്ത് തയ്യാറാക്കിയ കണക്ക്. ചുമരിന്റെയും മേൽക്കൂരയുടെയും തറയുടെയും അവസാനഘട്ട ജോലികൾക്ക് 1.98 കോടി, ശബ്ദ സജ്ജീകരണം ഒരുക്കാൻ 10.98 ലക്ഷം, ജനറേറ്ററും എയർകണ്ടീഷണറും സ്ഥാപിക്കാൻ 42.84 ലക്ഷം, ഇലക്‌ട്രിഫിക്കേഷന് 12.10 ലക്ഷം എന്നിങ്ങനെയാണ് മറ്റു പ്രവൃത്തികൾ. അവസാനഘട്ട പ്രവൃത്തികൾ പൂർത്തിയാകാൻ വൈകുന്നതാണ് ഓഡിറ്റോറിയം തുറന്ന് നൽകുന്നത് അനശ്ചിതമായി നീളുന്നത്.

2015 ഓഗസ്റ്റിലാണ് ആധുനിക കമ്യൂണിറ്റി ഹാളടക്കമുള്ള സമുച്ചയത്തിന്റെ നിർമാണം തുടങ്ങിയത്. 2017 സെപ്‌റ്റംബറിൽ പൂർത്തിയാക്കാനായിരുന്നു ലക്ഷ്യം. പഞ്ചായത്തിന്റെ തനത് ഫണ്ടും കേരള അർബൻ ആൻഡ്‌ റൂറൽ ഡെവലപ്‌മെന്റ് ഫൈനാൻസ് കോർപറേഷന്റെ അഞ്ചുകോടി രൂപ വായ്പയും ഉപയോഗിച്ചാണ് കെട്ടിട സമുച്ചയം നിർമിക്കുന്നത്. വായ്പയ്ക്ക് 11 ശതമാനം നിരക്കിൽ പലിശ നൽകണം. എല്ലാ മുറികളും ലേലംചെയ്യാത്തതിനാൽ ഉദ്ദേശിച്ച വരുമാനം ലഭിക്കാതെ പോയത് പഞ്ചായത്തിനെ സാമ്പത്തിക ബാധ്യതയിലുമാക്കിയിട്ടുണ്ട്.