പയ്യോളി : നഗരസഭയുടെ തീരപ്രദേശത്ത് കൺടെയ്‌ൻമെൻറ്്‌ സോണിൽ ബുധനാഴ്ച നടത്തിയ ആന്റിജൻ പരിശോധനയിൽ 57 വയസ്സുകാരിക്ക് കോവിഡ് സ്ഥിരീകരിച്ചു. 31-ാം ഡിവിഷനായ കുരിയാടിത്തറ പ്രദേശത്തിലാണ് ഇവർ. അയനിക്കാട് അറബിക് കോളേജിൽ നടന്ന പരിശോധനയിൽ 187 പേരാണ് പങ്കെടുത്തത്.

23-ാം ഡിവിഷനായ ഭജനമഠം നോർത്തിലും 34-കാരന് പോസിറ്റീവായി. മൂന്നുദിവസംമുമ്പ് മംഗലാപുരത്തുനിന്ന്‌ വന്ന റെയിൽവേജീവനക്കാരനാണ്. ക്വാറന്റീനിലായിരുന്നു.

കഴിഞ്ഞദിവസം രോഗം സ്ഥിരീകരിച്ച 20-ാം ഡിവിഷനായ നെല്യേരി മാണിക്കോത്ത് പ്രദേശം കൺടെയ്‌ൻമെന്റ്‌ സോണായി. കീഴൂർടൗൺ ഉൾപ്പെടുന്ന പ്രദേശമാണിത്. ഇതോടെ നഗരസഭയിൽ ഒമ്പത് വാർഡുകൾ നിയന്ത്രിത മേഖലയായി.

നിയന്ത്രണം ലംഘിച്ച് ആളുകൾ കൂടിനിന്നതിന് ടൗണിലെ ആചാര്യ മൊബൈൽ, അശോക ഫാർമസി, പേരാമ്പ്ര റോഡിലെ അഷിൻ മൊബൈൽ ഷോപ്പ് എന്നിവയും ലൈസൻസില്ലാതെ കച്ചവടം നടത്തിയ അയനിക്കാട് പള്ളിക്ക് സമീപത്തെ പച്ചക്കറിക്കടയും നഗരസഭ ഹെൽത്ത് വിഭാഗം അടപ്പിച്ചു.ഇതിനിടെ കൺടെയ്ൻമെൻറ്്‌ സോണിൽപ്പെടാത്തവർ പോകേണ്ട റോഡും അധികൃതർ പൂർണമായി അടച്ചതിൽ പരാതി ഉയർന്നു. കോട്ടക്കലിലേക്കുള്ള മെയിൻ റോഡ് അടച്ചതിൽ മുസ്‌ലിംലീഗ് പഞ്ചായത്ത് കമ്മിറ്റി പ്രതിഷേധിച്ചു.